പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഉൾവനത്തിൽ പോയ യുവതി മരണപ്പെട്ടു, മൃതദേഹം പമ്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു.
ളാഹ ആനത്തോട് കോളനിയിൽ ജോനമ്മയാണ് (22) ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ രണ്ടിനാണ് ജോനമ്മയും ഭർത്താവ് പൊടിമോനും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയിൽ നിന്നു കാടുകയറിയത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വിഭവങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
ശബരിമല പാതയിൽ ചാലക്കയത്ത് നിന്നും അഞ്ച് കിലോമീറ്റർ വനത്തിനുള്ളിൽ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുദിവസം മരുന്ന് കഴിക്കാതെ വന്നതോടെ ക്ഷീണിതയായി.
വനത്തിനുള്ളിൽ കഴിയവേ, വയറുവേദന ഉണ്ടാകുകയും ക്ഷീണവും തളർച്ചയും രൂക്ഷമാകുകയും ചെയ്തതോടെ ആശുപത്രിയിൽ പോകാൻ പുറത്തേക്ക് നടക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു.
വിവരം എസ് സി എസ്ടി പ്രൊമോട്ടറെയും പോലീസിനെയും അറിയിക്കാനായി പൊടിമോൻ ചാലക്കയത്തേക്ക് തിരിച്ചെങ്കിലും വഴിയിൽ കാട്ടാനകളുടെ സാമീപ്യമുണ്ടായതിനാൽ മൂന്നു മണിക്കൂറോളം ഒളിച്ചുകഴിയേണ്ടിവന്നു.
ആനകൾ മാറിയെന്നു ഉറപ്പാക്കിയശേഷം ചാലക്കയത്തെത്തി പ്രോമോട്ടറെ വിളച്ചറിയിച്ചു. തുടർന്ന്, വിവരമറിഞ്ഞ പമ്പ പോലീസ്, എസ്എച്ച്ഒ ജി.എസ്. ശ്യാംജിയുടെ നേതൃത്വത്തിൽ വനത്തിലേക്ക് തിരിക്കുകയായിരുന്നു.
മൃതദേഹം കാട്ടുകമ്പിൽ തുണികെട്ടി അതിനുള്ളിലായാണ് പോലീസ് ഉദ്യോഗസ്ഥർ അഞ്ച് കിലോമീറ്റർ കാട്ടിനുള്ളിൽ കടന്നു ചുമന്നു പുറത്തെത്തിച്ചത്. ദുർഘടമായ വനപാതകളും കാട്ടരുവികളും കടന്ന് ഏതാണ്ട് അഞ്ച് മണിക്കൂറോളം സമയമെടുത്തു പോയിവരാൻ.
എസ്ഐ ജെ. രാജൻ, ഗ്രേഡ് എസ്ഐ കെ. വി. സജി, എസ് സിപിഒമാരായ സാംസൺ പീറ്റർ, നിവാസ് സിപിഒ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മൃതശരീരം തോളിൽ ചുമന്നത്.