മാനന്തവാടി: മാനന്തവാടിയില് ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില് സംസ്കരിക്കാന് കൊണ്ടുപോയ സംഭവത്തില് ട്രൈബല് പ്രമോട്ടറെ പിരിച്ചുവിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണു പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല് ഡെവലപ്മെന്റ് ഓഫീസറുടേതാണു നടപടി.
അതേസമയം ട്രൈബല് പ്രമോട്ടറെ ബലിയാടാക്കി അധികൃതര് തടിയൂരുകയാണെന്ന ആക്ഷേപവുമായി സഹപ്രവര്ത്തകര് രംഗത്തെത്തി. ആംബുലന്സ് എത്തിക്കാന് പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കളിയാണെന്നും പ്രമോട്ടര്മാര് പറയുന്നു.
ആദിവാസി വയോധിക ചുണ്ടമ്മ മരിച്ചതു മുതല് ട്രൈബല് പ്രമോട്ടര് മഹേഷ് കുമാര് അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ച വെകുന്നേരമാണ് ചുണ്ടമ്മ മരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ആംബുലന്സ് എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള് ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല് വകുപ്പിന്റെ ആംബുലന്സ് പോയതായിരുന്നു.
പ്രതീക്ഷിച്ച സമയത്ത് അവര്ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്ഡ് മെമ്പറെയും വീട്ടുകാരെയും ഉള്പ്പടെ അറിയിച്ചതാണ്. ഓട്ടോയില് മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് ദൃശ്യങ്ങള് പകര്ത്താന് ശ്രമിച്ചവര്ക്കും ആംബുലന്സ് വിളിക്കാന് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നും പ്രമോട്ടര്മാര് പറയുന്നു. പിരിച്ചുവിട്ട നടപടി പിന്വലിച്ചില്ലെങ്കില് ശക്തമായ സമര നടപടികളിലേക്ക് കടക്കുമെന്നാണ് പ്രമോട്ടര്മാര് പറയുന്നത്.
അതേസമയം മന്ത്രി കേളുവിന്റെ മണ്ഡലത്തിലുണ്ടായ സംഭവം സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് സര്ക്കാര് നടപടി എടുത്തത്. വിഷയത്തില് കോണ്ഗ്രസും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.