തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണർ നിർമാണം രാവിലെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കുട്ടിക്ക് ഇപ്പോഴും ജീവനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കിണർ നിർമാണത്തിന് കാഠിന്യമേറിയ പാറ തടസമായതോടെയാണ് നിർമാണം നിർത്തി വച്ചിരുന്നത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറിൽ നിന്നും രണ്ടു മീറ്റർ മാറിയാണ് പുതിയ കിണർ കുഴിക്കുന്നത്.
രക്ഷാപ്രവർത്തനം ഇപ്പോൾ 60 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനത്തിന് ബദൽമാർഗങ്ങൾ തേടി ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാൻ ആലോചന. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലവും പരിശോധിക്കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വിൽസണ് ആണ് അപകടത്തിൽപ്പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുഴൽക്കിണറിനുള്ളിൽനിന്ന് കരച്ചിൽശബ്ദം കേട്ടു.
രക്ഷാപ്രവർത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതൽ ആഴങ്ങളിലേക്കു പതിക്കുകയായിരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.