മനുഷ്യനെ പോലെ ചുണ്ടും പല്ലുമുള്ള മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘ട്രിഗർ ഫിഷ്’ എന്നാണ് മത്സ്യത്തിന്റെ പേര്.
ബലിസ്റ്റഡ ഫാമിലിയില്‍ പെടുന്ന ട്രിഗർ ഫിഷിൽ മിക്കതിനും വലിയ തലയുള്ള ഓവൽ ആകൃതിയിലുള്ള ശരീരമാണുള്ളത്. ശക്തമായ താടിയെല്ലോടു കൂടിയ വായയും പല്ലുകളും ഉള്ള ഇവ ഷെല്ലുകൾ തകർക്കാൻ പ്രാപ്തമാണ്.
അക്രമസ്വഭാവത്തിന് പേരുകേട്ടവയാണ് ട്രിഗര്‍ ഫിഷ്. രണ്ട് നട്ടെല്ലുകൾ ഉള്ളതിനാലാണ് ഇവയെ ട്രിഗർ ഫിഷ് എന്ന് വിളിക്കുന്നത്. മലേഷ്യയിൽ നിന്നാണ് ചിത്രം ട്വിറ്റർ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന മനുഷ്യമുഖമുള്ള ട്രിഗർ ഫിഷ് ആരോ ഫോട്ടോഷോപ്പ് ചെയ്തതാകാമെന്നാണ് സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ബോത്തിന്റെ കണ്ടെത്തൽ.
വലിയ പല്ലുകളാണ് ഈ മത്സ്യത്തിനുള്ളതെങ്കിലും അത് മനുഷ്യന്റെ പല്ലിനോട് സാദൃശ്യമുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജൂലൈ രണ്ടിനാണ് ട്രിഗർ ഫിഷിന്റെ ചിത്രം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ലൈക്കും റീട്വീറ്റുമാണ് മനുഷ്യമുഖമുള്ള മത്സ്യത്തിന് ലഭിച്ചിരുന്നത്.