സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തെ ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തീരദേശമേഖലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്.
മത്സ്യബന്ധനമേഖലയില്‍ അടുത്ത 52 ദിനങ്ങളാണ് അടച്ചിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം മത്സ്യതൊഴിലാളികളെ ഏറെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ഇതോടെ കടലില്‍ പോവുന്ന ആയിരക്കണക്കിന് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആശങ്കയിലാണ്.
നിലവിലെ സാഹചര്യത്തില്‍ പ്രകോപിതമാകും വിധത്തിലുള്ള ഇടപെടലുകള്‍ ഏതെങ്കിലും രീതിയില്‍ തീരമേഖലയിലുണ്ടായാല് അത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും പോലീസ് ആസ്ഥാനത്തു നിന്ന് ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്കി.
ട്രോളിംഗ് നിരോധന കാലയളവില്‍ ആഭ്യന്തരവകുപ്പ് ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്.
എന്നാല്‍ കോവിഡ് സാഹചര്യത്തിലെ ട്രോളിംഗ് കാലഘട്ടത്തില്‍ പോലീസ് കര്‍ശന പരിശോധനയും നിരീക്ഷണവും നടത്തണമെന്നാണ് നിര്‍ദേശം.
തദ്ദേശീയ മത്സ്യത്തൊഴിലാളികൾ എതിർപ്പിൽ
ട്രോളിംഗ് സാഹചര്യത്തില്‍ ബോട്ടുടമകളും പരമ്പരാഗത മത്സ്യതൊഴിലാളികളും തമ്മില്‍ ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ചു തര്‍ക്കങ്ങള്‍ ഉണ്ടാകാനും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയേറെയാണെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ട്.
കൂടാതെ ട്രോളിംഗ് കാലയളവില്‍ വിദേശബോട്ടുകള്ക്ക് ആഴക്കടല്‍ മത്സ്യബന്ധനം അനുവദിച്ചിട്ടുണ്ട്. സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്.
ഈ സാഹചര്യത്തില്‍ വിദേശ ബോട്ടുകളുമായി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാം. കേരളത്തില്‍ ട്രോളിംഗ് നിരോധന സമയത്തു മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കേരള തീരത്ത് എത്താറുണ്ട്.
ഇവരെ തദ്ദേശീയരായ മത്സ്യതൊഴിലാളികള്‍ എതിര്‍ക്കാനും ഇത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.
ട്രോളിംഗിനോടനുബന്ധിച്ചു മുന്‍കാലങ്ങളില്‍ പ്രശ്നമുണ്ടായിട്ടുള്ള പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന തീരപ്രദേശങ്ങളിലും പോലീസിന്റെ ശ്രദ്ധ ആവശ്യമാണ്.