കണ്ണൂർ: പശ്ചിമബംഗാളിൽ സിപിഎമ്മിനെ നിലംപരിശാക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിറപ്പിക്കുകയും ചെയ്ത ആർജവത്തിൽ കേരളത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും.
രാജ്യത്തിന്റെ രക്ഷയ്ക്ക് ദീദിയെ വിളിക്കൂ എന്ന മുദ്രാവാക്യവുമുയർത്തിയാണ് കേരളത്തിലും സംഘടന കെട്ടിപ്പടുക്കാൻ നീക്കങ്ങൾ നടത്തുന്നത്.പാർട്ടിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി പേരിനുള്ള പാർട്ടി ഘടകം എന്നതിലുപരി താഴെത്തട്ടു മുതൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി എല്ലാ ജില്ലകളിലും പാർട്ടി സംവിധാനം ശക്തമാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ദേശീയ നേതാവ് പ്രശാന്ത് കിഷോറിനാണ് മമതാ ബാനർജി കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.
പി.വി.അൻവർ എംഎൽഎക്കൊപ്പം കോൺഗ്രസ് വിടുകയും പിന്നീട് എസ്ഡിപിഐ നാഷണൽ കൗൺസിൽ അംഗമാവുകയും ചെയ്ത സി.ജി.ഉണ്ണിയെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകും.
കേന്ദ്രാവിഷ്കൃത നയങ്ങൾക്കെതിരേ വിശാല മതേതര ചേരി ഒരുക്കി ജനകീയ പ്രതിരോധമെന്ന മുദ്രാവാക്യമാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ദേശീയതലത്തിൽ ബിജെപിയെയും കോൺഗ്രസിനെയും തറപറ്റിക്കലാണ് ആത്യന്തിക ലക്ഷ്യം.
കോൺഗ്രസിലെ അതൃപ്തരെയും പാർട്ടി അച്ചടക്കത്തിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയവരുൾപ്പെടെയുള്ള പ്രമുഖരെയും മറ്റു പാർട്ടികളിലെ അസംതൃപ്തരെയും തൃണമൂലിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
കോൺഗ്രസ് നേതാക്കളായ എ.വി.ഗോപിനാഥ്, എൻസിപി വിട്ട മാണി സി.കാപ്പൻ എന്നിവർക്കു പുറമേ എസ്ഡിപിഐ, ഐഎൻഎൽ, മുസ്ലിം ലീഗ്, ജനതാദൾ, കേരളകോൺഗ്രസ് വിഭാഗങ്ങളിലെ അസംതൃപ്തരെയും വിമതരെയും തൃണമൂൽ പാളയത്തിലെത്തിക്കാനുള്ള ചർച്ചകളും നടന്നുവരികയാണ്.
കണ്ണൂരിൽ മന്പറം ദിവാകരനെ പാർട്ടിയിലെത്തിക്കാനുള്ള ആലോചനയും സജീവമാണ്. ഇന്നലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ കോൺഗ്രസ്, സിപിഎം. മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളിൽ നിന്നായി നൂറോളം പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു കഴിഞ്ഞു.
കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലാകും
ദേശീയതലത്തിലുള്ള കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരേ ജനകീയ ബദൽ എന്ന കാഴ്ചപ്പാടോടെ തൃണമൂൽ കോൺഗ്രസ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരോട്ടം നടത്താൻ ശ്രമിക്കുന്പോൾ കേരളത്തിൽ ഏറ്റവും പ്രതിരോധത്തിലാവുക കോൺഗ്രസും സിപിഎമ്മുമായിരിക്കും.
ബിജെപി സർക്കാരിനെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിനു പറ്റിയ വീഴ്ചകൾ ഉയർത്തിക്കാട്ടിയാണ് തൃണമൂൽ പ്രചാരണം.കേരളത്തിലെ കോൺഗ്രസ് കോട്ടയിൽ വിള്ളലുണ്ടായാൽ തെരഞ്ഞെടുപ്പുകളിൽ അത് കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും.
അതേ സമയം പശ്ചിംബംഗാളിലെ മുഖ്യ രാഷ്ട്രീയ എതിരാളിയുടെ കേരളത്തിലേക്കുള്ള വരവിനെ തടയേണ്ടത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്.
കേരളത്തിൽ തൃണമൂൽ വേരുറപ്പിച്ചാൽ ഇപ്പോഴത്തെ സംസ്ഥാനതല നിലപാട് മാറ്റി കോൺഗ്രസിനൊപ്പം നിന്ന് തൃണമൂലിനെ എതിർക്കേണ്ട അവസ്ഥയിലേക്കായിരിക്കും സിപിഎം എത്തുകയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.