മാരകമായ രീതിയിൽ ഒരു നായയുടെ ആക്രമണത്തിന് ഇരയാക്കപ്പെടുകയും പിന്നാലെ തുടർച്ചയായ പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത യുവതിയുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2022 സെപ്റ്റംബറിലാണ് ഒരു പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ ട്രിനിറ്റി റൗൾസ് എന്ന യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ട്രിനിറ്റി റൗൾസിന് അന്ന് 19 വയസ്സായിരുന്നു പ്രായം.
കഴിഞ്ഞ കുറച്ചു നാളുകളായി മുഖം നായ കടിച്ച് കീറിയതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് യുവതി വിധേയയാകേണ്ടി വന്നിരുന്നു.
പൂർണ്ണമായും തകർന്നുപോയ ആ മാനസികാവസ്ഥയിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ ട്രിനിറ്റി.
അവളുടെ അച്ഛന്റെ വളർത്തുനായയിരുന്നു ട്രിനിറ്റിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിന് ശേഷം അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണ ഈ യുവതി പിന്നീട് ജീവിതം തിരികെ പിടിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവെച്ചു തുടങ്ങിയതോടെയാണ്.
തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെക്കുറിച്ചും ഓരോ ദിവസവും താൻ കടന്നുപോകുന്ന വേദനകളെക്കുറിച്ചും അവൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ആക്രമത്തിൽ നിലത്തേക്ക് വീണുപോയ തന്റെ മൂക്ക് നായ കടിച്ചു മുറിച്ചു എന്നാണ് ട്രിനിറ്റി പറയുന്നത്. ആക്രമണത്തിന് ഇരയായി ഒരാഴ്ചയ്ക്കുശേഷം നടത്തിയ , ഒരു സ്കിൻ ഗ്രാഫ്റ്റ് നടപടി ക്രമത്തിലൂടെയാണ് തൻറെ നഷ്ടപ്പെട്ടുപോയ മൂക്കിനെ തിരികെ തുന്നിച്ചേർത്തത് എന്നാണ് ഇവർ പറയുന്നത്.
ഇതിനായി അവളുടെ നെറ്റിയിൽ നിന്നും തലയോട്ടിയിൽ നിന്നും ചർമ്മം എടുക്കുകയും ചെവിയിൽ നിന്നും തരുണാസ്ഥി എടുക്കുകയും ചെയ്തു. ആക്രമണം ട്രിനിറ്റിയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു.
അതോടെ തനിക്ക് രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ട്രിനിറ്റി പറയുന്നു.