എരുമേലി: മണ്ഡലകാലം 17 ന് ആരംഭിക്കുമ്പോൾ അന്നു തന്നെ ശബരിമലയിലെത്താൻ തൃപ്തി ദേശായിയും ഒപ്പം ആറു യുവതികളും വരുമെന്ന് അറിഞ്ഞതോടെ പോലീസ് തയാറെടുപ്പ് തുടങ്ങി. അതേസമയം ശക്തമായ പ്രതിരോധത്തിലൂടെ തൃപ്തിയെ തടയാൻ സംഘപരിവാർ സംഘടനകൾ വിപുലമായ നീക്കങ്ങളാണ് രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്.
തൃപ്തി കേരളത്തിൽ കാലുകുത്തുന്ന നിമിഷം തന്നെ തടയുമെന്നാണ് സൂചനകൾ. സ്ത്രീകൾ, കുട്ടികൾ എന്നിവരെ മുന്നിൽ നിർത്തി ശരണം വിളികളും നാമജപങ്ങളുമായി തൃപ്തിയെയും കൂട്ടരെയും വഴിയിലെല്ലാം തടയാനാണ് നീക്കം. ഇന്ന് മുഖ്യമന്ത്രി നടത്തുന്ന സർവകക്ഷി യോഗത്തിൽ സമവായമായില്ലെങ്കിൽ പോലീസ് ഒരു ഭാഗത്തും സമരക്കാർ മറുഭാഗത്തുമായി ശബരിമല സീസണിലെ ആദ്യദിനം തന്നെ കലാപകലുഷിതമാകും. 17 ന് എത്തുമെന്നറിയിച്ചിരിക്കുന്ന തൃപ്തി ദേശായി ഒരു ദിവസം മുമ്പേ എത്തുമെന്നാണ് സൂചനകൾ.
കഴിഞ്ഞ ശബരിമല സീസണിൽ ഇവർ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് തടയാൻ പോലീസാണ് കാത്തു നിന്നത്. എന്നാൽ അന്ന് തടയാൻ വല വിരിച്ച പോലീസ് ഇപ്പോൾ കോടതിവിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കാതെ നിവൃത്തി ഇല്ലെന്ന സ്ഥിതിയിലാണ്. സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് കത്ത് നൽകിയ ശേഷമാണ് 17ന് എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചത്. തൃപ്തിയുടെ വരവ് മുൻനിർത്തി എരുമേലിയിൽ ഇന്നു മുതൽ 600 ൽപ്പരം പോലീസ് സേനയാണ് ഡ്യൂട്ടിക്കുള്ളത്. കോട്ടയം എസ്പി ഹരിശങ്കർ പമ്പയിലും എസ്പി റെജി ജേക്കബ് എരുമേലിയിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.