പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തളിക്കുളം എടശ്ശേരി കുടമ്പറമ്പത്ത് വീട്ടില്‍ കൃഷ്ണന് കുട്ടിയെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി മാര്‍ക്കറ്റില്‍ നിന്നു മത്സ്യം കൊണ്ടു വന്ന് പ്രതി വീട്ടില്‍ വച്ചു വില്‍ക്കാറുണ്ടായിരുന്നു.
മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന ആര്. രതീഷ് കുമാര്‍, സി. ആര്. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഡിഎന്‍എ പരിശോധന നടത്തിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ മൊഴി നല്‍കിയത് അടക്കം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് കോടതി പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.