തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ട്രിപ്പിൾ ലോക്ക്ഡൗണ്.
കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോൾ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പൊന്നാനിയിലുമൊക്കെ നേരത്തെ പരീക്ഷിച്ചു വിജയിച്ച നടപടിയാണ് നാലു ജില്ലകളിൽ ഏർപ്പെടുത്തുന്നത്.
• ലോക്ക് ഒന്ന്:
ജില്ലയിലെ വാഹനഗതാഗതവും പൊതുജനസഞ്ചാരവും കർശനമായി നിയന്ത്രിക്കും. അവശ്യ സർവീസുകൾക്കൊഴികെ എല്ലാവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാക്കും.
പ്രധാന പാതകളിലെല്ലാം ചെക്പോസ്റ്റുകൾ സ്ഥാപിച്ച്, പരിശോധിച്ചു മാത്രമേ വാഹനങ്ങൾ കടത്തി വിടൂ.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടി. വാഹനം പിടിച്ചെടുക്കും.
മാസ്ക്, സാമൂഹിക അകലം തുടങ്ങി പതിവു പരിശോധനകളും നടപടിയും കൂടുതൽ ഊർജിതമാക്കുകയും കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും.
• ലോക്ക് രണ്ട്
വൻ തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവിടങ്ങളെ വിവിധ സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ വരും.
ഇവിടെ നിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. ഓരോന്നു മാത്രമുള്ള എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കർശന പരിശോധന.
ജനം വീടുകൾക്കുള്ളിൽത്തന്നെ കഴിയുന്നു എന്നുറപ്പു വരുത്താൻ ഡ്രോണുകളുപയോഗിച്ചുള്ള ഏരിയൽ നിരീക്ഷണം ഉൾപ്പെടെ നടത്തും.
വിവിധ സോണുകളുടെ ചുമതല ഓരോ സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനായിരിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനുള്ള സംവിധാനം പോലീസ് ഒരുക്കും.
• ലോക്ക് മൂന്ന്
ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നില്ല എന്നുറപ്പുവരുത്താൻ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയാണിത്.
ക്വാറന്റൈനിലുള്ളവർ താമസിക്കുന്ന 10 വീടുകൾക്ക് ഒരു പോലീസുകാരൻ വീതം എന്ന നിലയിൽ സേനയെ വിന്യസിക്കും.
മേഖലയിൽ ഫ്ളൈയിംഗ് സ്ക്വാഡ് നിരീക്ഷണവും 2530 വീടുകൾക്ക് ഒരു മോട്ടോർ സൈക്കിൾ പട്രോളിംഗും ഏർപ്പെടുത്തും.
ദിവസം മൂന്നു തവണ ഓരോ വീടുകളിലും പോലീസെത്തി ക്വാറന്റൈനിലുള്ളവർ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തും. പുറത്തു നിന്നുള്ളവർ ഇവിടേക്ക് എത്താതെ നിരീക്ഷിക്കും.
ക്വാന്റൈൻ ലംഘിക്കുന്നവരെ കോവിഡ് കെയർ സെന്ററുകളിലേക്കു മാറ്റുകയും ഇവരുടെ പേരിൽ ക്രിമിനൽ കേസ് ചുമത്തുകയും ചെയ്യും.
ക്വാറന്റൈൻ ലംഘിക്കുന്നതിനു കുടുംബാംഗങ്ങൾ സഹായിച്ചതായി വ്യക്തമായാൽ അവർക്കെതിരെയും കേസെടുക്കും.