തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ.
തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ നാല് ജില്ലകളിലായി പതിനായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ജില്ലകളെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും.
ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈൻ ലംഘിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കെതിരെയും ശക്തമയ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് വാർഡ് സമിതികൾ ഭക്ഷണം നൽകും. ഇതിനായി കമ്യൂണിറ്റി കിച്ചൻ ജനകീയ ഹോട്ടലുകൾ എന്നിവ പ്രവർത്തിപ്പിക്കും.
മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. പാൽ, പത്രം എന്നിവ രാവിലെ ആറിന് മുൻപ് വീടുകളിൽ എത്തിക്കണം.
വീട്ടുജോലിക്കാർ, ഹോംനഴ്സ്, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങിയവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നുവരെ മാത്രം പ്രവർത്തിക്കും.
അത്യാവശ്യം ജീവനക്കാർമാത്രമാകും ഉണ്ടാകുക. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളുടെ അതിർത്തി അടയ്ക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.