കുറവിലങ്ങാട്: അപകടനിരക്ക് വർധിക്കുന്പോഴും നിയമപാലകരെപ്പോലും ഭയക്കാതെ നിയമലംഘനം. ഇന്നലെ പട്ടാപ്പകൽ എംസി റോഡിൽ കോളജ് ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ട്രിപ്പിൾസ് സംഘങ്ങൾ സ്വൈര്യവിഹാരം നടത്തിയ കാഴ്ചകൾ കാണാനായത്.
കോളജ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഹൈവേ പോലീസ് സംഘം വാഹനപരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടയിൽ നിയമലംഘനം നടത്തി മൂന്നുപേരുമായെത്തിയ ബൈക്കുകളും ഹെൽമെറ്റില്ലാതെ എത്തിയ ബൈക്കുകളും പോലീസ് കൈകാണിച്ചിട്ടും നിറുത്താതെ പോകുന്ന കാഴ്ച സാധാരണമായിരുന്നു.
പരിശോധന നടത്തുന്ന പോലീസ് കൈകാണിക്കുന്നതോടെ വാഹനം വേഗംകൂട്ടി ചീറിപ്പാഞ്ഞുപോകുകയായിരുന്നു. അവരെ കൈവിടുന്ന നിലപാടാണ് പോലീസും പുലർത്തിയതത്രെ. പിന്നാലെയെത്തി നിയമലംഘകരെ പിടികൂടുന്ന പഴയ ശൈലി പോലീസ് ഉപേക്ഷിച്ചത് ഇക്കൂട്ടർക്ക് നേട്ടമായി.
മുൻകാലങ്ങളിൽ പോലീസ് പരിശോധനയുണ്ടെന്നറിഞ്ഞാൽ വഴി മാറിപ്പോകുന്ന രീതിയുണ്ടായിരുന്നു. ഇന്നലെ കാണാനായത് പോലീസിന് മുന്നിലൂടെ നിയമലംഘനം നടത്തി പാഞ്ഞുപോകുന്ന കാഴ്ചകളായിരുന്നു.