കൊച്ചി: ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.40 ന് പൂനയിൽനിന്നും ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി എത്തിയത്. തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു നേരെ വൻപ്രതിഷേധമാണ് ഉയരുന്നത്. വിമാനത്താവളത്തിനു പുറത്ത് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധം മൂലം സംഘത്തിനു വിമാനത്താവളത്തിനു പുറത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. സംഘത്തിനു ഇവിടെനിന്നും പുറത്തേക്കുപോകാൻ ടാക്സികളും ലഭിക്കുന്നില്ലെന്നു പറയുന്നു. ഇവരുമായി പോകാൻ ടാക്സിക്കാർ തയാറാകാത്തതാണ് കാരണം. ആക്രമണം ഉണ്ടാകുമോയെന്നാണ് ടാക്സിക്കാരുടെ ഭയം.
തൃപ്തി സുരക്ഷ ആവിശ്യപ്പെട്ടിട്ടില്ലെന്നും ആവിശ്യപ്പെട്ടാൽ നൽകുമെന്നും പോലീസ് പറഞ്ഞു. തൃപ്തി ദേശായിക്കു വധ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കുമെങ്കിലും വിഐപികൾക്കു നൽകുന്നതു പോലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതില്ലെന്നാണു പോലീസ് നിലപാട്.