ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളുടെ പട്ടികയിൽ താഴേക്ക് തെന്നിമാറി സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും പ്രഭാസും. ആരാധകർ ഏറെയുള്ള ബോളിവുഡ് നടിമാരായ ആലിയ ഭട്ടിനെയും ദീപിക പദുകോണിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് നടി തൃപ്തി ദിമ്രി. ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണുള്ളത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ് 2024-ലെ ജനപ്രിയ താരം ആരെന്നുള്ള വെളിപ്പെടുത്തൽ.
മൂന്ന് തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പെടെ പത്ത് അഭിനേതാക്കളാണ് പട്ടികയിലുള്ളത്. ദീപിക പദുകോണാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. ദി പെർഫക്ട് കപ്പിൾ ഹോളിവുഡ് എന്ന വെബ് സീരീസിലൂടെ ജനപ്രീതി നേടിയ ഇഷാൻ ഖട്ടറിനാണ് മൂന്നാം സ്ഥാനം. പട്ടികയിൽ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാനുള്ളത്. നാഗചൈതന്യയുടെ ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയാണ് അഞ്ചാം സ്ഥാനത്ത്. അനിമൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് തൃപ്തി ദിമ്രി. അനിമലിലെ പ്രകടത്തിന് ഏറെ പ്രശംസകൾ നേടിയിരുന്നു.
ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ-3 തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഐഎംഡിബിയുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തന്റെ ആരാധകർക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തി. ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് തൃപ്തി പറഞ്ഞു.