കൊച്ചി: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൊച്ചി മേഖലയിൽ നടന്ന രണ്ടു വൻകവർച്ചകൾക്കു സമാനതകളേറെ. സാഹചര്യതെളിവുകളും കവർച്ച നടത്തിയതിന്റെ രീതിയും വിലയിരുത്തി ഇക്കാര്യം പോലീസ് ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരേസംഘമാണു രണ്ടിടങ്ങളിലും കവർച്ച നടത്തിയതെന്ന നിഗമനത്തിലാണു പോലീസ്.
15 കിലോമീറ്റർ പരിധിക്കുള്ളിലാണു രണ്ടു കവർച്ചകളും നടന്നത്. രണ്ടിടത്തും കവർച്ചാസംഘം വീടിനുള്ളിൽ കടന്നതു ജനാല തകർത്ത്. വീട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. എതിർത്തവരെ ആക്രമിച്ചു പരിക്കേൽപിച്ചു. കവർച്ച നടത്തിയ സമയത്തിലും സമാനസ്വഭാവമുണ്ട്.
ആദ്യകവർച്ച പുലർച്ചെ മൂന്നരയോടെയായിരുന്നെങ്കിൽ രണ്ടാം കവർച്ച പുലർച്ചെ രണ്ടിനായിരുന്നു. ആളുകൾ ഗാഢനിദ്രയിലാകുന്ന സമയമാണിത്. കവർച്ചയ്ക്കു തെരഞ്ഞെടുത്ത രണ്ടു വീടുകളും ഇരുനിലവീടുകളായിരുന്നു.ഇതരസംസ്ഥാനക്കാരെയാണു പോലീസ് സംശയിക്കുന്നത്. നാട്ടുകാരായവരുടെ സഹായം ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെയുള്ള സ്ഥലങ്ങളിൽനിന്നുള്ളവരാണോ കവർച്ചയ്ക്കു പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് അടുത്തിടെ നഗരത്തിൽ എത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു.
എറണാകുളം നോർത്തിൽ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ കയറി വയോധിക ദന്പതികളെ ആക്രമിച്ച് അഞ്ചു പവൻ സ്വർണാഭരങ്ങളാണു കവർന്നത്. ഇന്നലെ തൃപ്പൂണിത്തുറ ഏരൂർ എസ്എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽനിന്നു കവർന്നതാകട്ടെ 50 പവനും 20,000 രൂപയും.തുടർച്ചയായ രണ്ടാംദിനവും വീട് കൊള്ള ആവർത്തിച്ചതോടെ പരിഭ്രാന്തിയിലാണു കൊച്ചി മേഖലയിലെ ജനങ്ങൾ.
പ്രതികളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിക്കാത്തതു പോലീസിനെയും വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട്. ആദ്യസംഭവത്തിനുശേഷം മൂന്നുപേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു കണ്ടതോടെ ഇവരെ പിന്നീടു വിട്ടയച്ചു. മൂവരും കസ്റ്റഡിയിലിരിക്കെയാണു രണ്ടാമത്തെ കവർച്ച നടന്നത്. പകൽ സമയം ആക്രി പെറുക്കാനും സാധനങ്ങൾ വിൽക്കാനുമെത്തുന്നവരെ സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്.
നോർത്തിലെ മോഷണ നടന്നതിന്റെ തലേന്ന് ആക്രി പെറുക്കാനായി രണ്ടു പേർ കവർച്ച നടന്ന ഇസ്മയിലിന്റെ വീട്ടിലെത്തിയിരുന്നു. ഇവർ മറ്റു വീടുകളിൽ പോയിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ മനസിലായി. പകൽ വീടും സാഹചര്യങ്ങളും മനസിലാക്കിയശേഷം രാത്രി കവർച്ച നടത്തുന്നതാണ് ഇതരസംസ്ഥാന മോഷ്ടാക്കളുടെ രീതി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും നഗരത്തിലെ ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും പോലീസ് തെരച്ചിൽ നടത്തിവരികയാണ്.