അഗർത്തല: ത്രിപുരയിലെ സിബിഐ ഓഫീസിൽ കവർച്ച. അഗർത്തലയിലുള്ള സിബിഐ ക്യാമ്പ് ഓഫീസിലാണു മോഷണം നടന്നത്. ഓഫീസിലെ കസേര ഉൾപ്പെടെയുള്ള വസ്തുവകകൾ മോഷ്ടാക്കൾ കൊണ്ടുപോയി.
അതീവ സുരക്ഷയുള്ള ശ്യാമാലി ബസാർ ക്വാർട്ടേഴ്സ് കോംപ്ലക്സിലെ ഓഫീസിൽ ഈമാസം 11നാണു സംഭവം. ഓഫീസ് കുറച്ചുമാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു.
ഓഫീസിലുണ്ടായിരുന്ന സ്റ്റീൽ അലമാരകൾ, കസേരകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വാതിലുകൾ, ജനാലകൾ ഉൾപ്പെടെ സകലതും മോഷ്ടാക്കൾ കൊണ്ടു പോയി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിപ്ലബ് ദെബർമ, രാജു ഭൗമിക് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് അഗർത്തലയുടെ പ്രാന്തപ്രദേശത്തുള്ള ശ്യാമാലി ബസാർ, ഖേജുർ ബഗാൻ പ്രദേശങ്ങളിൽനിന്ന് നാലു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. എട്ട് സ്റ്റീൽ അലമാരകൾ, ഏഴ് മരക്കസേരകൾ, നാല് ജനാലകൾ, നാല് സ്റ്റീൽ കസേരകൾ എന്നിവ പോലീസ് കണ്ടെത്തി.