രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ചരിത്രത്തില്‍ ആദ്യമായി ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ പൊരുതുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയാണ് ത്രിപുരയില്‍. വോട്ടെണ്ണലിനു മുമ്പേ ലോട്ടറിയടിച്ച ഒരുകൂട്ടര്‍ ത്രിപുരയിലുണ്ട്. മറ്റാരുമല്ല, ചായം വില്പനക്കാര് തന്നെ. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയുടെ നിറത്തിലുള്ള ചായം പൂശാന്‍ മത്സരിക്കുകയാണ് ഇതോടെ വില്പനക്കാര്ക്കും കോളടിച്ചു.
25 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന സിപിഎമ്മിനോടുളള ആഭിമുഖ്യം പ്രകടിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ചുവന്നനിറം വാരിപൂശുന്നവരായിരുന്നു ഏറേയും. ഇത്തവണ മണിക് സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ച് ശക്തമായ പ്രചാരണ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഗോത്രവിഭാഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ബിജെപിക്ക് സഖ്യത്തിലേര്‍പ്പെടാന്‍ കഴിഞ്ഞതും നേട്ടമായി. വിപണിയില്‍ ചുവന്ന നിറത്തേക്കാള്‍ ഇരട്ടി ചെലവേറിയതാണ് കാവി നിറമെന്ന നിലയിലുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചുവന്ന നിറത്തിന് കിലോഗ്രാമിന് 35 രൂപ മുതല്‍ 60 രൂപ വരെയാണ് വിലയെങ്കില്‍ കാവിയ്ക്ക് 50 മുതല്‍ 120 രൂപ വരെയാണ് വില ഈടാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് കൂടുതല്‍ അനുകൂലമായിരുന്നു. ഒട്ടുമിക്ക സര്‍വ്വേ ഫലങ്ങളും ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചത്.