അഗർത്തല: മൃഗശാലയിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്ന പേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്.
സീത, അക്ബർ എന്നീ പേരുകൾ സിംഹങ്ങൾക്കിട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് ഈ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം 12ന് ആണ് സിംഹങ്ങളെ ഇണ ചേർക്കുന്നതിനായി ബംഗാളിൽ എത്തിച്ചത്. സീതയ്ക്ക് 5 വയസും അക്ബറിന് 7 വയസുമാണ് പ്രായം.
ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രബിൻ ലാൽ അഗർവാളാണ് കൈമാറ്റ രജിസ്റ്ററിൽ സിംഹങ്ങളുടെ പേര് രേഖപ്പെടുത്തിയത്. പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് ത്രിപുര സർക്കാർ പ്രബിൻ ലാലിനോട് വിശദീകരണം തേടിയിരുന്നു.
ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങളിലെ പെൺസിംഹത്തിന് സീത എന്നു പേര് നൽകിയത് മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കോടതിയെ സമീപിച്ചത്.
തുടർന്ന് വളർത്തുമൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ നൽകുന്നതെന്ന് സിലിഗുരിയിലെ ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് ചോദിക്കുകയും ചെയ്തു.