എത്ര നിസാരരായാലും ആരെയും വിലകുറച്ച് കാണാന്‍ പാടില്ല എന്നത് എപ്പോഴും മനസില്‍ സൂക്ഷിക്കേണ്ട ഒരു പാഠമാണ്. ആ പൊതുസത്യത്തിന് പുതിയ ഉദാഹരണമാണ് ഇപ്പോള്‍ ത്രിപുരയില്‍ നിന്നും പുറത്തു വരുന്നത്. മുളയും വിറകും വിറ്റ് ഉപജീവനമാര്‍ഗം നടത്തുന്ന ഒരച്ഛനും മകളും ചേര്‍ന്ന് രണ്ടായിരത്തോളം വരുന്ന മനുഷ്യരുടെ ജീവന്‍ രക്ഷിച്ചതാണ് സംഭവം. സംഭവമിങ്ങനെ…
കുതിച്ചു പാഞ്ഞുവരുന്ന തീവണ്ടി പാളം തെറ്റാറായ കാഴ്ച മലമുകളില്‍ നിന്നുകൊണ്ടാണ് സ്വപാന്‍ കാണുന്നത്. രണ്ടാമതൊന്നു ചിന്തിച്ചില്ല. ഉടന്‍ തന്നെ എടുത്തു ചാടി, ധരിച്ചിരുന്ന കുപ്പായമൂരി ട്രാക്കിനു നടുവില്‍ നിന്നുകൊണ്ട് സര്‍വ്വശക്തിയുമെടുത്ത് വീശിക്കാണിച്ചു. മകള്‍ സോമതിയും സ്വപാനൊപ്പം ചേര്‍ന്നു. വണ്ടി നിര്‍ത്തുമെന്ന് സ്വപാന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ സ്വപാന്റെയും മകളുടെയും പ്രയത്‌നം ഫലം കണ്ടു. ഡ്രൈവര്‍ തീവണ്ടി നിര്‍ത്തി.
രണ്ടായിരത്തോളം ആളുകളാണ് ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നും ധര്‍മ്മനഗറിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സ്ഥാനം തെറ്റിയ നിലയിലായിരുന്നു റെയില്‍പാളം. സ്വപാന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. സ്വപാന്റെ സിഗ്‌നല്‍ കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡ്രൈവര്‍ സോനു കുമാറും പറയുന്നു.
ത്രിപുരയിലെ ധഞ്ചാര ഗ്രാമത്തിലുള്ള ഗോത്രവര്‍ഗ്ഗത്തില്‍ പെടുന്നവരാണ് സ്വപാന്റെ കുടുംബം. സ്വപാന്റെ രക്ഷാപ്രവര്‍ത്തനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്നും സാമ്പത്തികസഹായം നല്‍കുമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അറിയിച്ചിട്ടുണ്ട്. സ്വാര്‍ത്ഥത വര്‍ധിച്ചു വരുന്ന ലോകത്ത് സ്വപാന്റേത് പോലുള്ള പ്രവര്‍ത്തികള്‍ അനുകരിക്കപ്പെടേണ്ടതാണെന്നാണ് വാര്‍ത്തയോട് പലരും പ്രതികരിക്കുന്നത്.