തൃഷയുടെ ബോക്സിംഗ് പരിശീലനത്തെക്കുറിച്ചാണ് തമിഴകത്തെ ഇപ്പോഴത്തെ സംസാരം. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും തനിക്ക് ബോക്സിംഗ് ഉപകാരപ്പെടുമെന്നാണ് താരത്തിന്റെ വിശ്വാസം. സുഹൃത്തിനൊപ്പം ബോക്സിംഗ് പരിശീലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോ കണ്ടത്. ഇതോടെ വീഡിയോ വൈറലായി. എന്തായാലും തൃഷയുടെ ബോക്സിംഗ് പരിശീലനത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴകം.
അതേസമയം, പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോക്സിംഗ് പരിശീലനം എന്നും പറഞ്ഞു കേൾക്കുന്നു. തെന്നിന്ത്യക്കാരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് തൃഷ. നീണ്ട പതിനഞ്ചുവർഷക്കാലത്തെ അഭിനയജീവിതത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചലച്ചിത്രമേഖലയിൽ സജീവമായിരിക്കുകയാണ് താരം ഇപ്പോൾ. തൃഷ ആദ്യമായി മലയാളത്തിലേക്ക് എത്തിയ ശ്യാമപ്രസാദ് ചിത്രം ഹെയ് ജൂഡ് തിയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. മോഹിനി, ഗർജാനായി, സതുരംഗ വേട്ടൈ 2 തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന തൃഷയുടെ പുതിയ ചിത്രങ്ങൾ.