തമിഴ് സിനിമയില്‍ ആധിപത്യം അവസാനിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ തൃഷ കൃഷ്ണൻ വീണ്ടും മുന്‍നിരയിലേക്ക് ഉയരുന്നു. ഇതിന് പ്രധാന കാരണം രണ്ട് ചിത്രങ്ങളാണ്. പൊന്നിയിന്‍ സെല്‍വനും, അടുത്തിടെ പുറത്തിറങ്ങിയ ലിയോയും. രണ്ടും സിനിമകളും വൻ ഹിറ്റായിരുന്നു. വീണ്ടും താരസിംഹാസനത്തില് ഇരിപ്പുറപ്പിച്ചിരിക്കുകയാണ് തൃഷ.
വിജയ ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും വമ്പന്‍ ചിത്രങ്ങള്‍ ഇല്ലാത്തതായിരുന്നു തൃഷയക്ക് നിരാശ സമ്മാനിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പഴയ തൃഷയെ തിരിച്ചുകിട്ടിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ലിയോയ്ക്ക് പിന്നാലെ ഉലകനായകന് കമല്‍ഹാസന്റെ തഗ് ലൈഫിലും, അജിത്തിന്റെ വിദാമുയര്ച്ചിയിലും തൃഷ നായികയാവുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലിയോയുടെ വമ്പൻ വിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിജയിയും തൃഷയും ഒരുമിച്ച് ലിയോയിൽ സ്ക്രീന്‍ പങ്കിട്ടത്. നേരത്തെ തന്നെ ഇരുവരും അഞ്ച് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലിയോയില്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കളായിട്ടാണ് ഇവര്‍ വേഷമിട്ടത്.
ഒരു ദശാബ്ദം മുമ്പ് ഒന്നരക്കോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. എന്നാല്‍ തുടരെ വമ്പന്‍ ചിത്രങ്ങള്‍ വരികയും, വിജയമാവുകയും ചെയ്തതോടെ നടി പ്രതിഫലം ഉയര്‍ത്തി മുന്‍നിരയിലെത്തി. ലിയോയ്ക്ക് ശേഷം തൃഷ പ്രതിഫലം നാല് കോടിയായി ഉയര്‍ത്തിയെന്നാണ് കോളി സെന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പന്ത്രണ്ട് കോടിയായിട്ടാണ് തൃഷ പ്രതിഫലം ഉയര്‍ത്തിയതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. കമല്ഹാസന് ചിത്രത്തിനായിട്ടാണ് ഇത്രയും വലിയ പ്രതിഫലം നടി വാങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ലിയോയില്‍ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൃഷയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിജയ്ക്ക് 120 കോടിയാണ് പ്രതിഫലമായി ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രജനീകാന്തിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകനായി വിജയിയെ മാറ്റിയതും ലിയോയാണ്. ആസ്തിയുടെ കാര്യത്തിൽ തൃഷ ദക്ഷിണേന്ത്യന്‍ നായികമാരില്‍ മുന്നിലാണ്.
ഏകദേശം 85 കോടിയാണ് നടിയുടെ ആസ്തി. 70 ലക്ഷമാണ് നടി ഒരു പരസ്യത്തിനായി വാങ്ങുന്നത്. ഏഴ് കോടിയാണ് തൃഷയുടെ ചെന്നൈയിലെ ആഡംബര വീടിന്റെ വില. ഹൈദരാബാദില്‍ ആറ് കോടിയുടെ ബംഗ്ലാവും നടിക്കുണ്ട്. മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് പോലുള്ള കാറുകളും നടിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.