തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് തൃഷ. ഇടക്കാലത്ത് സിനിമകളിൽ നിന്ന് അല്പം അകന്നു നിന്ന തൃഷ ഇപ്പോൾ വീണ്ടും തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരിക്കുകയാണ്. ചിത്രീകരണത്തിലിരിക്കുന്നതടക്കം ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെ കൈവശമുള്ളത്. പ്രണയവും പ്രണയ തകർച്ചയും തൃഷയെ മാനസികമായി തളർത്തിയിരുന്നു.
അതിൽ നിന്നും പൂർവാധികം കരുത്തോടെ തരികെ എത്തിയിരിക്കുന്ന താരത്തിന് ഇപ്പോൾ മറ്റൊരു പ്രണയമുണ്ട്. എന്റെ ഇപ്പോഴത്തെ പ്രണയം എന്ന ഹാഷ് ടാഗിൽ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ്. തൃഷയുടെ ഇപ്പോഴത്തെ പ്രണയം ബോക്സിംഗിനോടാണ്. ബോക്സിംഗ് പരിശീലിക്കുന്നതിന്റെ വീഡിയോയാണ് മൈ കറന്റ് ലൗ എന്ന ഹാഷ് ടാഗോടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവാഹത്തോളമെത്തിയ പ്രണയമായിരുന്നു തൃഷയും നിർമാതാവും ബിസിനസുകാരനുമായ വരുണ്‍ മാനിയയും തമ്മിൽ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.
എന്നാൽ ഈ വിവാഹം നടക്കില്ലെന്നും തങ്ങൾ പിരിയുകയാണെന്നും പിന്നീട് താരം വ്യക്തമാക്കുകയായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ഈ വിവാഹം നടക്കില്ലെന്ന് തൃഷ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാൽ അഭിനയം നിറുത്തണമെന്ന് വരുണ്‍ ആവശ്യപ്പെട്ടതായിരുന്നു വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം. മരണം വരെ അഭിനയിക്കണം.
സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് താൻ. സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കിൽ സഹതാരത്തിന്റെ വേഷം ചെയ്യാനും തായാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് തന്റെ ആഗ്രഹമെന്നും തൃഷ വ്യക്തമാക്കിയിരുന്നു. തൃഷ ആദ്യമായി മലയാള ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ മറ്റൊരു ശ്രദ്ധേയകാര്യം. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയാണ് തൃഷ. ചിത്രത്തിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുകയാണ്.