സാധിക്കില്ല…. എന്നു മാത്രമാണ് അവളോട് എല്ലാവരും പറഞ്ഞത്. പ്രസവത്തില്‍ നിങ്ങള്‍ മരിക്കാം… കുഞ്ഞ് മരിക്കാം – ഡോക്ടര്‍ പോലും പറഞ്ഞു.
പക്ഷേ, ഈ വാക്കുകള്‍ക്കു മുന്നിലൊന്നും അടിയറവു പറയാന്‍ അവള് തയാറായിരുന്നില്ല. ഭര്‍ത്താവ് നല്കിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി, ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് അവള് ജന്മം നല്കി.
ഇപ്പോൾ ഭർത്താവിന്റെ ഒരു കൈയിൽ കുഞ്ഞും ഒരു കൈയിൽ ഭാര്യയും… അവർ ലോകത്തെ നോക്കി പുഞ്ചിരിക്കുകയാണ്. അസാധ്യമായി ഒന്നുമില്ലെന്ന ഒാർമപ്പെടുത്തലും.
ഒടിയുന്ന എല്ലുകൾ
സാധാരണ ജീവിതം പോലും ദുഷ്കരമായ ത്രിഷ ഗർഭിണിയാകാൻ പാടില്ല. ഇതായിരുന്നു നേരിൽ കണ്ട മുഴുവൻ ഡോക്ടർമാരുടെയും ഉപദേശം. കാരണം ത്രിഷയുടെ രോഗം അത്ര നിസാരമായിരുന്നില്ല. ആകെ ഉയരം രണ്ടടി പത്തിഞ്ച് മാത്രം!.
അതിനേക്കാൾ മാരകം അവളെ ബാധിച്ചിരുന്ന രോഗമാണ്. ഒടിഞ്ഞ 150 അസ്ഥികളുമായി ജനിച്ച ത്രിഷയ്ക്ക് ആകെ രണ്ടു കിലോയ്ക്കു മുകളിൽ ഭാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യേക ജനിതകമാറ്റം കണ്ടെത്താനായുള്ള രക്തപരിശോധനയിലൂടെ അവള്‍ക്ക് ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്റ്റ (OI) ആണെന്നു കണ്ടെത്തി.
കൊളാജെന്‍ എന്ന പ്രോട്ടീനിന്റെ ഉത്പാദനത്തെ ബാധിക്കുന്ന ഈ രോഗം ത്രിഷയുടെ എല്ലുകളെ വളരെയേറെ ദുര്‍ബലമാക്കി.
എന്‍എച്ച്എസിന്റെ(യുണൈറ്റഡ് കിഗ്ഡം നാഷണല്‍ എല്‍ത്ത് സര്‍വീസ്) അഭിപ്രായത്തില്‍ എളുപ്പത്തില്‍ എല്ലുകള്‍ ഒടിയുന്ന അവസ്ഥയാണ് ഈ രോഗത്തിന്റെ ലക്ഷണം.
ചുമയോ തുമ്മലോ പാടില്ല
ചെറിയ ചുമയോ തുമ്മലോ വരെ അസ്ഥികളെ ഒടിച്ചേക്കാം. ഇതിന് പുറമേ ഉയരക്കുറവ് , പല്ലുകള്‍ രൂപപ്പെടുന്നതിലെ പ്രശ്നങ്ങള്‍, സന്ധി വേദന, കേള്‍വി പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഗുരതര ആരോഗ്യപ്രശ്നങ്ങൾ ത്രിഷയെ അലട്ടുന്നുണ്ട്.
ഇതെല്ലാം മുന്നിൽ കണ്ടാണ് ഡോക്ടര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നത് അതീവ സാഹസകമാകുമെന്നു തൃഷയ്ക്കു മുന്നറിയിപ്പ് നല്‍കിയത്.
എന്നാല്‍, ഈ പ്രതിബന്ധങ്ങളൊന്നും അവളെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിച്ചല്ല. ഇതിലേറെ കൗതുകം കഷ്ടിച്ചു രണ്ടരയടി ഉയരം മാത്രമുള്ള ത്രിഷയുടെ ഭർത്താവ് ആറടിക്കാരനായ ദൃഢഗാത്രൻ.
ത്രിഷയുടെഎല്ലാ പ്രശ്നങ്ങളും മനസിലാക്കിയിട്ടാണ് ട്രക്ക് ഡ്രൈവറായ ആറടി പൊക്കമുള്ള ഭര്‍ത്താവ് മൈക്കിള്‍ അവളെ സ്വീകരിച്ചത്. ത്രിഷയ്ക്ക് ഒരു കുഞ്ഞുണ്ടായിക്കാണാനുള്ള മോഹം തിരിച്ചറിഞ്ഞപ്പോൾ ആ തീരുമാനത്തിനൊപ്പവും മൈക്കിൾ നിന്നു.
ചികിത്സിച്ച ഡോക്ടര്‍മാരെ പോലും അദ്ഭുതപെടുത്തിക്കൊണ്ടാണ് രണ്ടടി പത്തിഞ്ച് മാത്രം ഉയരമുള്ള ത്രിഷ ടെയ്ലര് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
അമേരിക്കയിലെ ഐഡഹോയിലെ ബോയ്സി നഗരത്തില്‍ ജനിച്ച ഈ മുപ്പത്തിയൊന്നുകാരി ഇന്നു പലര്‍ക്കും ഒരു പ്രചോദനവും വിസ്മയവുമാണ്.
എന്റെ കുഞ്ഞ്…
കുഞ്ഞിനു ജന്മം നല്കാനൊരുങ്ങിയപ്പോൾ പലരും നിരുത്സാഹപ്പെടുത്തി. ചിലർ പറഞ്ഞു പേടിപ്പിച്ചു. എന്നാല്‍, ഇതിനൊന്നും ചെവികൊടുക്കാന്‍ അവള് തയാറല്ലായിരുന്നു.
അവളുടെ നിശ്ചയദാർഢ്യവും കുഞ്ഞിനോടുള്ള സ്നേഹവും ഫലംകണ്ടു. തൃഷ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്കി.
ഇന്നും പലര്‍ക്കും ഇതു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മേയ്വന് തന്റെ മകന് തന്നെയാണോ എന്ന ചോദ്യത്തിന് ‘അവന് എന്റെ വയറ്റില്‍ വളര്‍ന്നവനാണ്’ എന്ന് അഭിമാനത്തോടെ അവള് മറുപടി നല്കുന്നു.
ഇതിനിടയിൽ ഹൃദയാഘാതത്തെത്തുടര്‍ന്നു രണ്ടുതവണ അവളുടെ ഗര്‍ഭം അലസിപ്പോയെന്നു കൂടി അറിയുന്പോഴാണ് ത്രിഷയുടെ പോരാട്ടത്തിന്റെ ആഴം നമ്മൾ തിരിച്ചറിയുന്നത്.
എന്നിട്ടും അവൾ തളര്‍ന്നില്ല. മേയ്വിനെ 32 ആഴ്ചയോളം ഗര്‍ഭം ധരിച്ചു, സിസേറിയനിലൂടെ ആരോഗ്യവാനായ അവന് ജനിച്ചു. ‘ഒരു പാട് കഷ്ടപ്പെട്ടതിന്റെ ഫലമാണ് ആരോഗ്യവാനായ എന്റെ കുഞ്ഞ്’ തൃഷ പറയുന്നു.
മറ്റുള്ളവരെ പ്രചോദിപ്പിക്കാനായി സ്വന്തമായി ‘ആന്‍ഡ് ഷീ ഡിഡ് ‘എന്ന പേരില്‍ ഒരു ബ്ലോഗും ത്രിഷ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് തൃഷയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
കട്ടയ്ക്കു കൂടെ നിന്നവർ
സ്വന്തം ശരീരത്തെ പോലും താങ്ങാനുള്ള ബലം അവളുടെ എല്ലുകള്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടര വയസായപ്പോഴേക്കും തൃഷയ്ക്കു വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വന്നു.
എന്നാല്‍, രോഗാവസ്ഥ കാരണം സുഹൃത്തുക്കളില്‍നിന്ന് ഒളിച്ചോടാന്‍ അവള് തയാറായിരുന്നില്ല. ‘ഞാന്‍ മറ്റൊന്നും അറിഞ്ഞിട്ടില്ല, അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു വീല്‍ചെയറില്‍ ഇരിക്കുന്നതു തികച്ചും സാധാരണമാണ്.
ഒരു ചെറുപട്ടണത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ജൂണിയര്‍, സെക്കന്‍ഡറി സ്കൂളുകളിലെല്ലാം ഒരേ സഹപാഠികളായിരുന്നുള്ളത്. അതിനാല്‍ അവര്‍ക്കും തന്റെ രോഗാവസ്ഥ തികച്ചും സാധാരണമായിരുന്നു.
ഞാന്‍ ഒരു അംഗപരിമിതിയുള്ളവളായല്ല വളര്‍ന്നത്, എന്റെ സ്കൂളിലെ ആരും എന്നെ അങ്ങനെ കണ്ടിട്ടില്ല. ഒരു പുതിയ കുട്ടി കളിയാക്കാന്‍ ആരംഭിച്ചാല്‍ എനിക്ക് തണലും പിന്തുണയുമായി എപ്പോഴും കൂട്ടുകാര്‍ ഉണ്ടാകും – ത്രിഷ പറയുന്നു.
ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മാതൃസ്നേഹത്തിന്റെയും കഥകളായി ത്രിഷയുടെ ജീവിതം ആയിരങ്ങൾക്കു വിസ്മയമാവുകയാണ്.
തയാറാക്കിയത്: കെ.എം.വൈശാഖ്