വിക്രമും തൃഷയും നായികാനായകൻമാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്ത് തൃഷയ്ക്കൊപ്പം കീർത്തി സുരേഷും എത്തുന്നുണ്ട്. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഇരുവരുടെയും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നതെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. തൃഷയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം തീരുമാനിച്ചിട്ടുള്ളത്.
ചെന്നൈ, തിരുനെൽവേലി, ഡൽഹി, മസൂറി, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. മലയാളത്തിൽ തുടക്കം കുറിച്ച കീർത്തി ഇപ്പോൾ തമിഴകത്തിന്റെ സ്വന്തം താരമായി മാറിക്കഴിഞ്ഞു. തമിഴകത്തിന്റെ സ്വന്തം താരമായ തൃഷയാവട്ടെ ആദ്യ മലയാള ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.