തമിഴിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു വിണ്ണൈതാണ്ടി വരുവായാ. തൃഷയും ചിന്പുവും നായിക നായകന്മാരായി അഭിനയിച്ച സിനിമ തെന്നിന്ത്യയിലെ ഏറ്റവും ഹിറ്റായ റൊമന്റിക് സിനിമകളിലൊന്നായിരുന്നു.
ഗൗതം മേനോന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ജെസി എന്ന യുവതിയും കാർത്തിക് എന്ന യുവാവും തമ്മിലുള്ള പ്രണയമായിരുന്നു ഇതിവൃത്തം.
ഇപ്പോഴിതാ വിണ്ണൈതാണ്ടി വരുവായാലൂടെ കാർത്തിക്കും ജെസിയും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ കാർത്തിക് ഡയൽ സെയ്ത യെൻ എന്ന ഹ്രസ്വചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ജെസിയോടുള്ള പ്രണയത്തിൽ നീറി ജീവിക്കുന്ന കാർത്തിക്കിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കാർത്തിക്കിനെ ആശ്വസിപ്പിക്കുന്ന ജെസിയാണ് ചിത്രത്തിലുള്ളത്. ജെസിയെ കാർത്തിക് ഫോണിൽ വിളിക്കുന്നതോടെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കം.
കേരളത്തിലെത്തി ലോക്ക്ഡൗണിൽ കുടുങ്ങി പോയ ജെസി ന്യൂയോർക്കിലെ കോവിഡ് പ്രശ്നത്തെ കുറിച്ചെല്ലാം കാർത്തിക്കിനോട് സംസാരിക്കുന്നുണ്ട്.
സംഭാഷണം പതിയെ അവരുടെ പ്രണയത്തെ കുറിച്ചാകുന്നു. നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്നും എന്നെ സ്നേഹിക്കെന്നും കാർത്തിക് ജെസിയോട് പറയുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്കാണ് ആ സംസാരം നീളുന്നത്.
സിനിമയുടെ അതേ ഫീൽ നൽകുന്ന ചിത്രം അതിവേഗമാണ് തരംഗമായി മാറിയത്. നേരത്തെ വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി ഗൗതം മേനോൻ പ്രഖ്യാപിച്ചിരുന്നു.
ഒടുവിൽ 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്യചിത്രമൊരുക്കി ഗൗതം മേനോൻ ആരാധകരുടെ കൈയടി വാങ്ങിയിരിക്കുകയാണ്. എ. ആർ. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.