ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവസങ്ങളിൽ ആർക്കും പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ല. ഇതോടെ വീടിനുള്ളിൽ തന്നെയാണ് എല്ലാവരും.
ഇതോടെ കൂട്ടുകാരെ വീഡിയോ ചാറ്റിലൂടെ കണ്ട് സംസാരിക്കുകയാണ് എല്ലാവരും. വിദേശത്തും മറ്റും പോയി വന്നതിനാൽ താരങ്ങളിൽ കൂടുതൽ പേരും ക്വാറന്റയിനാണ്. നിരീക്ഷണത്തിലിരിക്കുന്ന തനിക്ക് കൂട്ടായി വന്ന ചില ചങ്ങാതിമാരെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ.
തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അർജുനും റാണ ദഗ്ഗുബട്ടിയുമായിരുന്നു തൃഷയുമായി വീഡിയോ ചാറ്റ് ചെയ്ത സുഹൃത്തുക്കൾ. വീഡിയോ ചാറ്റിന്റെ സ്ക്രീൻഷോട്ട് തൃഷയായിരുന്നു പങ്കുവെച്ചത്. ഇതോടെ ചില ഗോസിപ്പുകൾ വീണ്ടും തല ഉയർത്തി.
വർഷങ്ങൾക്ക് മുൻപ് തൃഷയും റാണയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാവാൻ പോവുന്നതായിട്ടും മറ്റുമൊക്കെ വാർത്ത വന്നെങ്കിലും പിന്നാലെ വേർപിരിഞ്ഞെന്നും റിപ്പോർട്ട് വന്നു. പ്രണയത്തിലാണോ അല്ലയോ എന്നതിനെ കുറിച്ച് ഒരിക്കൽ പോലും റാണയോ തൃഷയോ കാര്യമായി സമ്മതിച്ചിരുന്നില്ല.
എന്നാൽ ഒരിക്കൽ ബോളിവുഡ് നിർമാതാവും സംവിധായകനുമായ കരണ്‍ ജോഹർ അവതാരകനായ കോഫി വിത്ത് കരണ്‍ എ്ന്ന ചാറ്റ് ഷോ യിൽ നിന്നും റാണ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് വേർപിരിഞ്ഞെന്നുമായിരുന്നു റാണ അന്ന് പറഞ്ഞത്.
ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാൾ സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പിന്നീട് പ്രണയത്തിലായി. പക്ഷേ ആ ബന്ധം വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. ഇപ്പോഴും തൃഷ സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി.
ഇരുവരും തമ്മിൽ സൗഹൃദമുണ്ടോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. എന്നാലിപ്പോൾ പുതിയ ചിത്രം കണ്ടതോടെ ആരാധകരുടെ സംശയമെല്ലാം മാറിയിട്ടുണ്ടാവും.