തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാംവരവിനെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി. ബിജെപി സംഘടിപ്പിക്കുന്ന, രണ്ടുലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വടക്കുന്നാഥന്റെ മണ്ണിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകീട്ടെത്തും. തൃശൂരിലെന്പാടും മോദിക്ക് സ്വാഗതമോതിക്കൊണ്ടുള്ള പടുകൂറ്റൻ ഫ്ളെക്സുകളും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഉയർന്നിട്ടുണ്ട്.
പൂരാവേശത്തോടെ പ്രധാനമന്ത്രിയെ വരവേൽക്കാൻ പൂരനഗരി സജ്ജമായിക്കഴിഞ്ഞു. നാളെ വൈകീട്ട് മൂന്നരയോടെയാണ് നരേന്ദ്രമോദി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തുക. കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന മോദി അവിടെ നിന്ന് റോഡുമാർഗമാണ് നഗരത്തിലെത്തുക.
പ്രധാനമന്ത്രിയുടെ കാർവ്യൂഹം കടന്നുവരുന്ന വഴികളിലും മോദി പങ്കെടുക്കുന്ന റോഡ് ഷോ നടക്കുന്ന തൃശൂർ സ്വരാജ് റൗണ്ടിലും മഹിളാസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലും വേദിയുടെ സമീപത്തുമെല്ലാം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
സമ്മേളനനഗരിയിലേക്ക് 90 ശതമാനവും സ്ത്രീകളെയായിരിക്കും പ്രവേശിപ്പിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എംപി സുരേഷ്ഗോപി എന്നിവരടക്കമുള്ള ഏതാനും പുരുഷനേതാക്കൾക്കു മാത്രമായിരിക്കും സമ്മേളനനഗരിയിലേക്ക് പ്രവേശം.
സ്വകാര്യ ഹെലികോപ്റ്ററിനും ഹെലികാമിനും നിയന്ത്രണം
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങി പറക്കുന്ന എല്ലാ കളിക്കോപ്പുകൾക്കും നാളെ തൃശൂരിൽ കർശനനിരോധനം ഏർപ്പെടുത്തി. തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും ഇവയെല്ലാം നിരോധിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി പോലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനം.
നാളെ രാവിലെ മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷ മുൻനിർത്തി രാവിലെമുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപറോഡുകളിലും വാഹന പാർക്കിംഗ് അനുവദിക്കുകയില്ല. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചു വിടും.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽമാത്രം പാർക്കു ചെയ്യണം. തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര – സംസ്ഥാന അർധസർക്കാർ സ്ഥാപനങ്ങളിലേക്കു നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്കു പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തിദിവസമാക്കും.