എരുമപ്പെട്ടി (തൃശൂർ): ‘സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്… കടമുള്ള ഈ ലോകത്തിൽ മോളെ ഒറ്റയ്ക്കു വിട്ടു പോകാൻ കഴിയില്ലച്ഛന്… ഇതു പറയുമ്പോൾ അച്ഛൻ കരയുകയായിരുന്നു…’- കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിനു സമീപം ഭാര്യക്കും മക്കൾക്കും ഉറക്ക ഗുളിക കൊടുത്തു കിണറ്റിലെറിഞ്ഞശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ രക്ഷപ്പെട്ട മകൾ വൈഷ്ണവിയുടെ വാക്കുകളാണിത്.
ഉറക്ക ഗുളികകൾ കഴിച്ചിട്ടും കിണറ്റിലെറിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുവന്ന വൈഷ്ണവിയുടെ വാക്കുകളിൽ നിസഹായത, തീരാവേദന. അച്ഛൻ ഞായറാഴ്ച വൈകുന്നേരം വരുമ്പോൾ ഐസ്ക്രീം കൊണ്ടുവന്നിരുന്നു. വിരയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളികകൾ ഐസ്ക്രീമിലാണു ഞങ്ങൾക്കെല്ലാം നൽകിയത്. ഛർദിച്ചതിനാൽ എനിക്ക് ഉറക്കം വന്നില്ല.
അർദ്ധരാത്രികഴിഞ്ഞപ്പോൾ അച്ഛൻ സഹോദരിമാരെ കിണറ്റിലേക്കിട്ടു. പിറകെ അമ്മയും ചാടി. ഞാൻ വീടിനു ചുറ്റും ഓടിയെങ്കിലും അച്ഛൻ പാഞ്ഞെത്തി പിടികൂടി. കിണറ്റിൽ വീണശേഷം അമ്മയും ഞാനും കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, നമ്മൾ രണ്ടു പേർ രക്ഷപ്പെട്ടിട്ട് എന്തു കാര്യമെന്നു ചോദിച്ചുകൊണ്ട് അമ്മ കയറിൽനിന്നു പിടിവിട്ടു വെള്ളത്തിൽ മറഞ്ഞു-ഇക്കാര്യങ്ങളെല്ലാം പോലീസിനോടും ബന്ധുക്കളോടും വിവരിക്കുമ്പോൾ വൈഷ്ണവിയുടെ കുഞ്ഞുമനസ് സമനില കൈവരിച്ചിരുന്നില്ല. കയറിൽ തൂങ്ങിനിൽക്കുമ്പോഴും അമ്മയുടേയും സഹോദരിമാരുടേയും മരണം മുന്നിൽ കാണേണ്ടിവന്നതിന്റെ ഞെട്ടൽ മാറിയിട്ടില്ല കുഞ്ഞു വൈഷ്ണവിക്ക്.
നാലു മണിക്കൂറുകളോളമാണു വൈഷ്ണവി കയറിൽ തൂങ്ങിനിന്നു ജീവിതത്തിലേക്കു തിരിച്ചുകയറിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണു കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയത്. കിണറ്റിൽ വൈഷ്ണവിയെ കണ്ടെത്തിയതും ഏണിയിറക്കി കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്കെത്തിച്ചതും ഇവരാണ്. പുറത്തുവന്ന വൈഷ്ണവിയിൽനിന്നാണ് അമ്മയും സഹോദരങ്ങളും കിണറ്റിലുണ്ടെന്ന വിവരം നാട്ടുകാർ അറിഞ്ഞത്. പിന്നീടാണ് അച്ഛനെ വീട്ടുമുറ്റത്തെ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ബാങ്ക് ജീവനക്കാർ വീട്ടിൽ വന്നു ജപ്തി ചെയ്യുമെന്നു പറഞ്ഞിരുന്നതായും വൈഷ്ണവി പറഞ്ഞു. ടൈൽസിന്റെ ജോലികൾ കരാറെടുത്തു നടത്തിയിരുന്നതിനിടയിൽ ചെറിയ കുറി തുടങ്ങുകയും കുറിവിളിച്ച് പണം വാങ്ങിയവർ തിരിച്ചടയ്ക്കാതെ വന്നപ്പോൾ പൊളിയുകയുമായിരുന്നു. ഇതേത്തുടർന്നു ബ്ലേഡ് പലിശക്കാരുടെ വലയിലുമായി.
ബാങ്ക് ലോണുകൾ മുടങ്ങി. ഇതിനിടെ നട്ടെല്ലിന് അസുഖം വന്ന് ജോലിക്കുപോകാനും സാധിക്കാതായി. തുടർന്നു ഗുരുവായൂർ അമ്പല പരിസരത്തു ലോട്ടറി വില്പന നടത്തിയാണു സുരേഷ് ഉപജീവനം നടത്തിയിരുന്നത്. തുടർന്നു സ്വന്തം വീടും സ്ഥലങ്ങളും വില്ക്കാൻ പലരേയും സമീപിച്ചു. സുരേഷിന്റെ തകർച്ച കണ്ടവർ മുതലിനു വില കണ്ടില്ല. ദിവസ ചെലവിനു പോലും നിവൃത്തിയില്ലാതായതോടെ കടക്കാർ നിരന്തര ശല്യവുമായി. സ്ഥലം വിറ്റു കടംവീട്ടാൻ സാധിക്കുമെന്നാണു വിചാരിച്ചിരുന്നത്. അതിനു സാധിച്ചില്ല. ആയതിനാൽ എല്ലാവരും ക്ഷമിക്കണം – സുരേഷിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു.