തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉഗ്രസ്ഫോടനം നടന്ന തൃശൂർ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ശാന്തമായെന്ന് നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ കനത്ത തോൽവിയുടെ ആഘാതത്തിൽ തൃശൂർ ഡിസിസിക്കെതിരെ മുരളി പക്ഷവും മറ്റും കടുത്ത പ്രതിഷേധമാണുയർത്തിയത്.
പോസ്റ്റർ പ്രചരണവും ഡിസിസി ഓഫീസിലെ തമ്മിൽത്തല്ലും നേതാക്കളുടെ രാജിയുമെല്ലാം ചേർന്ന് തൃശൂർ ഡിസിസിയെ അഗ്നിപർവതത്തിനു തുല്യമാക്കിയിരുന്നു.തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വിശദമായി പഠിച്ച മൊഴിയെടുക്കുകയും സംസ്ഥാന നേതൃത്വത്തിന് സമർപിക്കുകയും ചെയ്തു.
ആരെയും നോവിക്കാതെ, കുറ്റപ്പെടുത്താതെ, യാതൊരു അച്ചടക്ക ശിക്ഷാനടപടിക്കും ശുപാർശ നൽകാതെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പരാമർശം മാത്രം നൽകി സമർപിച്ച റിപ്പോർട്ടായിരുന്നു അത്. എല്ലാം സംസാരിച്ച് കോംപ്രമൈസാക്കിയെന്നാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പറയുന്നത്.
തൃശൂർ കോണ്‍ഗ്രസിൽ അടിപൊട്ടിയതോടെ നേതാക്കൾ രാജിവച്ചു. ഇതോടെ തൃശൂർ ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുത്ത് തൃശൂരിലെത്തിയ വി.കെ.ശ്രീകണ്ഠൻ എംപി പ്രശ്നപരിഹാരത്തിന് കിണഞ്ഞു ശ്രമിച്ചു. പ്രശ്നങ്ങൾ കൂടുതൽ വഷളാകാതാരിക്കാൻ ശ്രീകണ്ഠൻ മുൻകൈയെടുത്തത് വിജയം കണ്ടെന്നാണ് ഇപ്പോൾ നേതൃത്വം അവകാശപ്പെടുന്നത്.
ഇനി ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളും സംസ്ഥാന സർക്കാരിനെതിരെയുള്ള പടപുറപ്പാടുകളുമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളതെന്നും അതിനാണ് ശ്രദ്ധ കൊടുക്കുന്നതെന്നും നേതാക്കൾ പറയുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ മിന്നും വിജയം നേടാൻ പാർട്ടി ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ചേലക്കര നിയോജകമണ്ഡലം സിപിഎമ്മിൽ നിന്ന് പിടിച്ചെടുക്കുമെന്നും പാലക്കാട് സീറ്റ് നിലനിർത്തുമെന്നും നേതാക്കൾ തറപ്പിച്ചു പറയുന്നു.
വി.കെ. ശ്രീകണ്ഠൻ ഒരു സ്വകാര്യ ചാനലിനോടു പറയുന്നത് – തൃശൂർ കോണ്‍ഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്നാണ് ചർച്ച ചെയ്തത്. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളെ നേരിടാൻ ജില്ലയിൽ പാർട്ടി ഒറ്റക്കെട്ടായി സജ്ജമായിക്കഴിഞ്ഞു. അന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ല. ചേലക്കരയിലും പാലക്കാടും വയനാട്ടിലും യുഡിഎഫ് മികച്ച വിജയം നേടും.