തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗനിർദേശങ്ങൾ നൽകി ആത്മവിശ്വാസം വളർത്തിയും കേരള പോലീസും രംഗത്ത്.
ജനങ്ങളോട് ഒപ്പമുണ്ട് പോലീസ് എന്ന പരിപാടിയുടെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വാട്സ്ആപ്പ് നന്പറുകളിലേക്ക് വിളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തി. തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ രാവിലെ 10.30 മുതൽ ഹോം ക്വാറന്റൈയിനിൽ ഉളളവരുമായി വീഡിയോ കോൾ നടത്തി സുഖവിവരങ്ങൾ അന്വേഷിച്ചു.
മരുന്ന്, ഭക്ഷണം തുടങ്ങി എന്താവശ്യത്തിനും വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം അദ്ദേഹം ക്വാറന്റൈനിൽ ഉള്ളവരെ ഓർമിപ്പിച്ചു. തൃശൂർ റേഞ്ചിനു കീഴിൽ 47000 ത്തിലധികം പേർ ഹോം ക്വാറന്റൈനിൽ കഴിയുന്നതായാണ് കണക്കുകൾ.
വരും ദിവസങ്ങളിൽ ഇവരോടൊപ്പവും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും. പോലീസ് നേരിട്ട് ഹോം ക്വാറന്റൈനിൽ ഉള്ളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീഡിയോ കോളിൽ സംസാരിക്കുന്നതു ക്വാറന്റൈനിലുള്ളവർക്കു കൂടുതൽ ആത്മവിശ്വാസം പകരുമെന്ന വിലയിരുത്തലാണു പോലീസിനുള്ളത്.
ഒരു വിളിപ്പാടകലെ പോലീസ് സഹായത്തിനുണ്ട് എന്നത് ക്വാറന്റൈനിലുള്ളവർക്കു കരുത്ത് പകരുമെന്നു ഡിഐജി സുരേന്ദ്രൻ പറഞ്ഞു.