കൊച്ചി: വടക്കുംനാഥ ക്ഷേത്രത്തിൽ തൃശൂർ പൂരത്തിന് ചെരുപ്പ് ധരിച്ചു പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആരാധനകൾ ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണമെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ച് ആളുകൾ പ്രവേശിക്കുന്നത് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
പോയ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടിടുന്നുണ്ടെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകളും പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.