രാജ്യത്ത് കൊടുങ്കാറ്റായി മോദി തരംഗം ! മോദി-അമിത്ഷാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് മറുപടിയില്ലാതെ എതിരാളികള്‍ ! രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ കടപുഴകി സിപിഎം

രാജ്യത്തെമ്പാടും മോദി തരംഗം. മോദി-അമിത്ഷാ കൂട്ടുകെട്ടിന് പറ്റിയ എതിരാളികള്‍ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2014നേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പോക്ക.് കഴിഞ്ഞ തവണ 336 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 350ലേറെ സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് കഴിഞ്ഞ തവണ 282 സീറ്റുകളില്‍ വിജയിച്ച സാഹചര്യത്തിലാണിത്.

കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സിപിഎം തകര്‍ന്നടിയുകയും ചെയ്തു. ആകെയുള്ള 20 സീറ്റുകളില്‍ 19ഉം യുഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രകടനം പ്രകടനം നടത്താനായെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല.

എന്നാല്‍ എക്‌സിറ്റ് പോളുകളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നടത്തിയത് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം,ഡല്‍ഹി എന്നിവിടങ്ങളിെലല്ലാം വന്‍ മുന്നേറ്റമാണ് ബിജെപിയും എന്‍ഡിഎയും നടത്തിയത്. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 80ല്‍ 55ല്‍ അധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബംഗാളില്‍ വന്‍ രാഷ്ട്രീയമാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പോടെ കളമൊരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടു സീറ്റ് നേടിയിടത്ത് ഇത്തവണ 17ലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലും ഏതാണ്ട് സമാനമാണ് അവസ്ഥ. ഡല്‍ഹിയില്‍ ഭരണകക്ഷിയായ ആംആദ്മിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ കുതിപ്പ് ആകെയുള്ള ഏഴു സീറ്റുകളില്‍ ഏഴിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലും ബിജെപി നേട്ടമുണ്ടാക്കി.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ കേരളത്തെക്കൂടാതെ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ളത്.

Related posts