മുന്‍ ഇമാമിനെതിരെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നല്കി. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇമാം ഷെഫീഖ് ഖാസിമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്കി. പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പോലീസ് ഇയാളെ പിടികൂടാന്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് ഇമാം ഷെഫീഖ് ഖാസിമി കൊണ്ട് പോയത് മനപ്പൂര്‍വമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതി അധികൃതര്‍ പോലീസിന് കൈമാറും. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പോലീസ് പോക്സോ വകുുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഇമാം ഒളിവില്‍ പോകുകയായിരുന്നു. ഇമാമിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണമെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇമാം ജന്മനാട്ടിലും ബന്ധുവീടുകളിലുമില്ലെന്ന് പോലീസ് പറയുന്നു. ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഖാസിമിക്കെതിരെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.
പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്ന ഷഫീഖ് അല്‍ ഖാസിമി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ആരോപണം പരിശോധിച്ച ഓള് ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.