ന്യൂഡൽഹി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് എതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സർക്കാരിന്റെ റിട്ട് ഹർജി തള്ളി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.
നേരത്തെ, വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.
അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.
എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അഥോറിറ്റിയും എതിര്‍ത്തില്ല. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.
എയര്‍പോര്‍ട്ട് അഥോറിറ്റി നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു സർക്കാരിന്റെ വാദം.
അദാനി ഗ്രൂപ്പിന് എയര്‍പോര്‍ട്ട് കൈമാറുന്നത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും ഇതു സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന നടപടിയാണോയെന്ന് പരിശോധിച്ചില്ലെന്നും സർക്കാർ ആരോപിച്ചിരുന്നു.