തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷികളിൽ ആശങ്ക പ്രകടമാക്കി പൈലറ്റുമാർ. കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, മൂങ്ങ ഉൾപ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം വിമാനം പറപ്പിക്കുന്നതിന് ഭീഷണിയും ആശങ്കയുമായി മാറിയിരിക്കുകയാണ്. പക്ഷികൾ വിമാനത്തിൽ ഇടിച്ചാൽ അപകടത്തിനു കാരണമാകും.
ഇതാണ് പൈലറ്റുമാരെയും ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. വിമാനത്താവളത്തിന് പുറത്ത് മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ ങ്ങൾ നിക്ഷേപിക്കുന്നതാണ് പക്ഷികൾ ഇവിടം കേന്ദ്രമാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപറേഷനും വിമാനത്താവള അധികൃതരുമാണ് ഇതിന് പരിഹാരം കാണേണ്ടത്.
ദക്ഷിണ കൊറിയയിൽ വിമാനദുരന്തം ഉണ്ടായ സാഹചര്യത്തിലാണ് തിരുവനന്തപു രം വിമാനത്താവളത്തിലെ പക്ഷികളുടെ പറക്കൽ ഭീഷണിയായി മാറുന്നുവെന്ന മുന്നറിയിപ്പ് പൈലറ്റുമാർ ബന്ധപ്പെട്ട അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് പക്ഷി വിമാനത്തിന്റെ ചിറകിൽ തട്ടിയ തിനെ തുടർന്ന് വിമാന യാത്ര വൈകിയിരുന്നു.