കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുർ, ലക്നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതിനു തത്ത്വത്തിൽ അംഗീകാരം നൽകി. ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാന്പത്തികകാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു.
ഈ വിമാനത്താവളങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) കൊണ്ടുവരാനാണു സർക്കാർ തീരുമാനമായത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി(പിപിപിഎസി) വഴിയാണ് ഇവ നടപ്പാക്കുക.
വിമാനത്താവളങ്ങളിൽ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, വിമാന സർവീസുകളുടെ കൃത്യത തുടങ്ങിയവയാണു പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, കൊച്ചി എന്നിവ പിപിപി വിമാനത്താവളങ്ങളാണ്.
അന്താരാഷ്ട്ര വ്യോമഗതാഗതത്തിൽ കൂടുതൽ തിരക്കേറിയ സാഹചര്യത്തിൽ പുതിയ തീരുമാനത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണു വിലയിരുത്തൽ. ഈ തീരുമാനത്തിലൂടെ ഇന്ത്യയിലേക്കു കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരാനും കേന്ദ്രം ലക്ഷ്യമിടുന്നു.