തിരുവനന്തപുരം: നിയമം ലംഘിച്ച്സർവീസ് നടത്തിയ ഇരുനൂറിലേറെ ഓട്ടോറിക്ഷ ഡ്രൈവർമാരെ പിടികൂടി. സിറ്റി പോലീസിന്റെ ഓപ്പറേഷൻ ഏയ് ഓട്ടോ എന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി സിറ്റി പോലീസും, സിറ്റി ഷാഡോ പോലിസും നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവർമാർ പിടിക്കപ്പെട്ടത്.
യാത്രക്കാരിൽ നിന്നും ഡ്രൈവർമാർ അമിതകൂലി ഇടാക്കുന്നുവെന്നും, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും, അന്യസംസ്ഥാനത്ത് നിന്നു വരുന്നവരോട് ഇരട്ടിയിലധികം യാത്രാക്കൂലി വാങ്ങുന്നുവെന്നുമുള്ള പരാതികളെ തുടർന്നാണ് സിറ്റി പോലീസ് ഓപ്പറേഷൻ ഏയ് ഓട്ടോ എന്ന സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചത്.
നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സിറ്റി പോലീസും, ഷാഡോ പോലീസും നടത്തിയ മിന്നൽ പരിശോധനയിൽ, യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരെയും, അമിത ചാർജ് ഇടാക്കിയവരെയും, വാഹനസംബന്ധമായ രേഖകൾ കൈവശമില്ലാത്തവരെയും, സവാരി പോകാൻ വിസമ്മതിച്ചവരെയും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലതെ വണ്ടി ഓടിയവരെയും, സിറ്റി പെർമിറ്റ് ഇല്ലാത്ത നഗരപരിധിക്കുള്ളിൽ ഓടിയവരെയുമാണ് പ്രധാനമായും പിടികൂടിയത്.
പരിശോധനയിൽ മദ്യപിച്ച് ഓട്ടോ ഓടിച്ചവരെയും, യത്രാക്കാർ കയറുന്നതിന് മുൻപ് മീറ്റർ ഇട്ട് ഓടി സവാരിക്കാരിൽ നിന്നും ആ കൂലി കൂടി ഈടാക്കുന്നവരെയും പടി കൂടിയിട്ടുണ്ട്. തന്പാനൂർ, കിഴക്കേകോട്ട, പാളയം, സ്റ്റാച്യൂ, മെഡിക്കൽ കോളജ്, മ്യൂസിയം പൂജപ്പുര, പേരൂർക്കട, കഴക്കൂട്ടം ടെക്നോപാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്, ഇരുനൂറോളം പേരിൽ നിന്നും പിഴ ഈടാക്കുകയും ഇരുപത്തഞ്ചോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ വരും ദിവസങ്ങളിലും നടത്തുമെന്ന് ഡിസിപി അരുൾ.ആർ.ബി.കൃഷ്ണ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ, ഡിസിപി അരുൾ. ആർ.ബി. കൃഷ്ണ, കണ്ട്രോൾ റൂം ഏസി വി. സുരേഷ് കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.