തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ തുടർന്നാണ് മേയറിൽ നിന്നും വിശദമായി വീണ്ടും മൊഴിയെടുക്കുന്നത്.
മേയറെ കൂടാതെ സിപിഎം കൗണ്സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരിൽ നിന്നും മൊഴിയെടുക്കും.
ഇവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡി.ആർ. അനിലും ആനാവൂർ നാഗപ്പനും ക്രൈംബ്രാഞ്ചിന് മുൻപാകെ നേരിട്ട് മൊഴി നൽകിയിരുന്നില്ല.
ആനാവൂരിൽ നിന്നും അന്വേഷണ സംഘം ഫോണ് മുഖേന മൊഴിയെടുത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മേയറിൽ നിന്നും മൊഴിയെടുത്തിരുന്നുവെങ്കിലും കത്തിന്റെ ഒറിജിനൽ കണ്ടെ ത്താനായിരുന്നില്ല.
കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ശിപാർശയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം അനുമതി നൽകുകയായിരുന്നു.
വ്യാജ രേഖചമയ്ക്കൽ, വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മേയർ ഡൽഹിയിലായിരിക്കവെ ലെറ്റർ പാഡ് ആരോ ദുരുപയോഗം ചെയ്ത് കത്ത് തയാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആർ. കോർപ്പറേഷനെയും തന്നെയും അപകീർത്തിപ്പെടുത്താൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മേയറോട് മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും.
നാളെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തിയേക്കുമെന്നറിയുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് പരിശോധിച്ചേക്കും.