തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മിന്നും ഫോം തുടരുന്ന വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും (63*) ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് (33*) ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിച്ചത്. ഓപ്പണർ ശിഖർ ധവാൻ (6) മാത്രമാണ് പുറത്തായത്. രോഹിതും കോഹ്ലിയും പുറത്താകാതെ നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ്-104(31.5 /50 ov), ഇന്ത്യ-105/1 (14.5/50 ov).
നേരത്തെ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 31.5 ഓവറിൽ 104 റണ്‍സ് മാത്രം നേടി കൂടാരം കയറി. ഓവർ മുതൽ കണ്ടത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ കിരോണ്‍ പവൽ വീണു.
രണ്ടാം ഓവറിൽ വിൻഡീസിന്റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും വീണതോടെ സന്ദർശകർ 2/2 എന്ന ദയനീയ സ്ഥിതിയിലായി. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ഇൻസ്വിംഗറിൽ ഹോപ്പിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
മങ്ങിയ ഫോമിലായിരുന്ന മർലോണ്‍ സാമുവൽസ് ചില ഷോട്ടുകളിലൂടെ പ്രതീക്ഷയുടെ വഴി കാട്ടിയെങ്കിലും പോരാട്ടം അധികം നീണ്ടില്ല. മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സാമുവൽസ് 24 റണ്‍സുമായി മടങ്ങിയതോടെ വിൻഡീസ് 36/3 എന്ന നിലയിലായി.
പിന്നെ രവീന്ദ്ര ജഡേജയുടെ ഉൗഴമായിരുന്നു. പേസർമാർക്ക് മാത്രമല്ല, സ്പിന്നർമാർക്കും ഗ്രീൻഫീൽഡ് വിക്കറ്റ് സഹായം നൽകിയതോടെ ഒന്നിനു പുറകെ ഒന്നായി വിൻഡീസ് ബാറ്റ്സ്മാൻമാർ കൂടാരം കയറി.
പതിവ് പോലെ ഒരറ്റത്ത് പിടിച്ചുനിന്ന് 25 റണ്‍സ് നേടിയ നായകൻ ജേസണ്‍ ഹോൾഡറാണ് ടോപ്പ് സ്കോറർ. നായകനും സാമുവൽസിനും ശേഷം രണ്ടക്കം കടന്നത് ഓപ്പണർ റോവ്മാൻ പവൽ (16) മാത്രം.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാലും ബുംറയും ഖലീൽ അഹമ്മദും രണ്ടു വീതം വിക്കറ്റുകളും നേടി. ഭുവനേശ്വറും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ നേടിയതോടെ എറിഞ്ഞവർക്കെല്ലാം വിക്കറ്റുമായി.