പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിറോഡരികിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ മുന്നുപേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂവപ്പടിയിലെ സ്വകാര്യ റൈസ് മിൽ കമ്പനിയിലെ തൊഴിലാളിയായ മധ്യപ്രദേശ് റവ വില്ലേജിലെ സാങ്കി പ്രദേശി സന്തോഷ് മകൻ സോനു (24) ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.
സോനുവിനൊപ്പം ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. കമ്പനിക്ക് സമീപം ഐമുറിക്കവലയിൽ റോഡരികിലെ തോട്ടിലാണ് ഇന്നലെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന്റെ തലയ്ക്കും കൈയ്ക്കും വയറിലും വെട്ടേറ്റ പാടുണ്ട്.
കത്തിയുടെ കവർ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മരിച്ച സോനു രണ്ട് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ശനിയാഴ്ച വൈകിട്ട് 6.30ന് സോനുവിനെ വിളിച്ചിരുന്നു.നാലു സൃഹൃത്തുക്കളുമായി ശനിയാഴ്ച വൈകീട്ട് ഒരുമിച്ചാണ് സോനു കമ്പനിയിൽ നിന്ന് ഇറങ്ങിയത്. രാത്രിയോടെയാണ് കൊലപാതകം എന്ന് കരുതുന്നു.
റോഡരികിലെ ഒരു പറമ്പിൽ പിടിവലി നടന്ന ലക്ഷണമുണ്ട്. തുടർന്നാണ് കാനയിൽ രാവിലെ വഴിയാത്രക്കാർ മ്യതദേഹം കണ്ടത്. . കോടനാട് പോലീസ് മേൽനടപടി സ്വീകരിച്ച് മ്യതദേഹം പോസ്റ്റ്മോർട്ടം നടത്തി എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മുറിവിൽ നിന്നും ചോര പോയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്.സുഹൃത്തുക്കളിൽ ഒരാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.