തോമസ് വർഗീസ്
തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ സന്നാഹ മത്സരങ്ങൾക്കുള്ള വേദികളിൽ ഒന്നായ കാര്യവട്ടം സ്റ്റേഡിയത്തിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട സ്ഥിതി.
ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാനാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം. ഏറ്റവും പ്രധാനപ്പെട്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിനായി 1000 ഇരിപ്പിടങ്ങൾ സജ്ജമാക്കുക എന്നതാണ്.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന കാണികൾക്കായി പ്രത്യേക സ്ഥലത്താണ് ഇരിപ്പിടം ഒരുക്കുക. കാര്യവട്ടം സ്റ്റേഡിയത്തിൽ മീഡിയാ ബോക്സിനു മുകളിലുള്ള സ്ഥലമാണ് ഇത്തരത്തിൽ ക്രമീകരിക്കേണ്ടിയിരുന്നത്.
എന്നാൽ, സ്റ്റേഡിയത്തിൽ ഇത്രയും കാലമായിട്ടും ഇതിനായി ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യുദ്ധകാല അടിസ്ഥാനത്തിൽ 1000 ഇരിപ്പിടം ക്രമീകരിക്കാൻ കെസിഎ നടപടികൾ ആരംഭിക്കുന്നത്.
താരങ്ങളുടെ ഡ്രെസിംഗ് റൂമും കൂടുതൽ നവീകരിക്കേണ്ടതായുണ്ട്. ഗാലറിയിലെ കസേരകളിൽ കേടുപാടുകൾ സംഭവിച്ചവയ്ക്കു പകരമായി പുതിയത് സ്ഥാപിക്കേണ്ടതുണ്ട്.
നിലവിൽ സ്റ്റേഡിയത്തിലെ പ്രധാന പ്രശ്നം ഫ്ലെഡ് ലൈറ്റുകളാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ കന്പനികൾ നടത്താത്തതു മൂലം പലപ്പോഴും ഈ ലൈറ്റുകൾ പൂർണമായും നശിച്ചു പോകുകയാണ്. ഇതുമൂലം ഫ്ളെഡ് ലൈറ്റിലെ 140 ബൾബുകളാണ് മാറേണ്ടി വരുന്നത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള കന്പനി കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താറില്ല.
തുന്പ, മംഗലപുരം
സന്നാഹമത്സരങ്ങൾക്ക് എത്തുന്ന ടീമുകളുടെ പരിശീലന മത്സരങ്ങൾക്കായി തുന്പയിലെയും മംഗലപുരത്തെയും സ്റ്റേഡിയങ്ങളാവും ഉപയോഗിക്കുക. ഇവിടങ്ങളിലെയും അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നു കെസിഎ വ്യക്തമാക്കി.
ആദ്യ സന്നാഹം സെപ്റ്റംബർ 29ന്
ലോകകപ്പ് ക്രിക്കറ്റിലെ നാലു സന്നാഹമത്സരങ്ങൾക്കാവും കാര്യവട്ടം വേദിയാകുക. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ സന്നാഹം. സെപ്റ്റംബർ 30ന് ഓസ്ട്രേലിയ നെതർലൻഡ്സിനേയും ഒക്ടബോർ രണ്ടിന് ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയേയും നേരിടും. ഇന്ത്യ x നെതർലെൻഡ്സ് ഒക്ടോബർ മൂന്നിനാണ്.