തിരുവനന്തപുരം: കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് മുതൽ എൽഡിഎഫിന്റെ പ്രചാരണപരിപാടികൾ.
ഇന്നും നാളെയുമാണ് കോർപറേഷനിലെ നൂറ് വാർഡുകളിലും ലഘുലേഖകൾ പ്രസിദ്ധീകരിച്ച് പ്രചാരണ പരിപാടി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് എൽഡിഎഫ് അണികളെയും ജനങ്ങളെയും ബോധിപ്പിക്കുന്നത്.
എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാർഡുകളിലും നടക്കും. പാർട്ടിയെ സമൂഹമധ്യത്തിൽ താഴ്ത്തികെട്ടുന്നതിന് പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ഭവന സന്ദർശന പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം.
കോർപറേഷനിലെ താൽക്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാരാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതായുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് പാർട്ടിക്ക് ഏറെ ക്ഷീണമുണ്ട ാക്കിയിരുന്നു.
പാർട്ടിയിലെ ആഭ്യന്തര കലഹമാണ് കത്ത് പുറത്ത് വരാൻ കാരണമെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.പാർട്ടി പ്രവർത്തകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച കത്ത് ചോരുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെയാണ് പ്രതിപക്ഷം സമരപരിപാടികളുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസും ബിജെപിയും മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷൻ വളപ്പിൽ നടത്തുന്ന സമര പരിപാടികൾ തുടരുന്നതിനിടെയാണ് എൽഡിഎഫ് ഭവന പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുന്നത്.
ശബരിമല യുവതി പ്രവേശന വിവാദം, സ്വർണകടത്ത് വിവാദം, കെ- റെയിൽ വിഷയം എന്നിവയ്ക്കെതിരെ പ്രതിഷേധം ഉണ്ട ായപ്പോഴും എൽഡിഎഫ് സമാനമായ രീതിയിൽ ഭവന പ്രചരണവും ലഘുലേഖ വിതരണവും നടത്തിയിരുന്നു.