തോമസ് വർഗീസ്
തിരുവനന്തപുരം: കായിക താരങ്ങളുടെ കോച്ചിംഗ് സെന്ററിൽ സമരത്തിനെത്തിയ പാർട്ടി പ്രവർത്തകർക്ക് താമസം. ഇന്ധന വിലവർധനവിനെതിരേ സിഐടിയു വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ സമരക്കാർക്കാണ് കേരളാ സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിൽ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഗസ്റ്റ് ഹൗസിൽ താമസമൊരുക്കിയത്.
കായിക താരങ്ങൾക്കു പരിശീലനത്തിനും താമസത്തിനുമായി ആണ് ഈ കേന്ദ്രം നിർമിച്ചിട്ടുള്ളത്. പുറത്തുനിന്നുള്ള ആർക്കും ഈ കെട്ടിടത്തിൽ വാടകയ്ക്കോ അല്ലാതെയോ താമസത്തിന് അനുമതി നല്കാറില്ല. അഡ്മിനിസ്ടേട്രേറ്റിവ് ബോർഡ് അംഗങ്ങൾക്ക് മാത്രമാണ് ഇതിൽ ഒരു ഇളവ് അനുവദിച്ചിട്ടുള്ളത്.
എന്നാൽ ഇന്നലെ ഇരുപതോളം ആളുകൾ ആരുടെ അനുമതിയോടെയാണ് ഇവിടെ താമസിച്ചതെന്ന ചോദ്യമാണ് കായിക താരങ്ങൾ ഉയർത്തുന്നത്. ഇത് സംബന്ധിച്ച് കായിക മന്ത്രിക്ക് പരാതി നല്കാനും കായിക താരങ്ങൾ തീരുമാനിച്ചു.