എസ്.ആർ. സുധീർ കുമാർ
കൊല്ലം: പുതിയ റെയിൽവേ ടൈം ടേബിൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ 41 ട്രെയിനുകൾക്ക് സമയമാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. മാത്രമല്ല നല്ലൊരു ശതമാനം വണ്ടികളുടെയും വേഗം അഞ്ച് മുതൽ 40 മിനിട്ട് വരെ വർധിപ്പിച്ചിട്ടുമുണ്ട്.
സ്ഥിരം യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വഞ്ചിനാട്, മലബാർ, ഇന്റർസിറ്റി, ജയന്തി ജനത എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സമയം ക്രമീകരിച്ചിട്ടുള്ളത്.
കൊല്ലം-കോട്ടയം പാസഞ്ചർ, പുനലൂർ – കൊല്ലം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, പുനലൂർ-നാഗർ കോവിൽ പാസഞ്ചർ എന്നിവയുടെയും സമയവും നാളെ മുതൽ മാറുന്നു.
ഇൻഡോർ – കൊച്ചുവേളി, പോർബന്തർ – കൊച്ചുവേളി, ഗോരഖ്പൂർ-കൊച്ചുവേളി, കോർബ- കൊച്ചുവേളി എന്നീ ദീർഘദൂര സർവീസുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പൂനെ-കന്യാകുമാരി ജയന്തി ജനത. എക്സ്പ്രസിന്റെ വേഗം 40 മിനിട്ടാണ് കൂട്ടിയിട്ടുള്ളത്.
പതിവിന് വിപരീതമായി ഓരോ വണ്ടികളുടെയും സമയമാറ്റത്തിനുള്ള കാരണവും റെയിൽവെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
പുതുതായി ആരംഭിച്ച വന്ദേ ഭാരതിന്റെ കടന്നുപോകൽ, എംപിമാരുടെയും സ്ഥിരം യാത്രികരുടെയും നിരന്തര ആവശ്യം, അധിക സ്റ്റോപ്പ് അനുവദിച്ചതിലെ സമയ നഷ്ടം, സിംഗിൾ ലൈനിലെ ക്രോസിംഗിന് എടുക്കുന്ന സമയനഷ്ടം ഒഴിവാക്കൽ തുടങ്ങിയവ കാരണളായി റെയിൽവേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് രാവിലെ പത്തിന് മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. വഞ്ചിനാടും മലബാറും ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തേ തലസ്ഥാനത്ത് എത്തും.