സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല ബഹളം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പരിസ്ഥിതി സൗഹൃദപരമായാണ് സംഘടിപ്പിക്കുന്നത് എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പ്രതിഷേധങ്ങള്‍ കമന്റ് രൂപത്തില്‍ പറന്നെത്തുന്നത്. ഇത്തവണ പതിവിനു വിപരീതമായി കടലാസിനു പകരം മുളയിലാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കുള്ള ബാഡ്ജ് തയ്യാറാക്കിയത്. ഇത് നന്നായിട്ടുണ്ടെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ബാഡ്ജുകളുടെ ചിത്രവും കോടിയേരി തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ചിത്രവും പോസ്റ്റും കോടിയേരിക്ക് തിരിച്ചടിയാവുകയായിരുന്നു. കണ്ണൂരിലെ കൊലപാതകവിഷയം ഉന്നയിച്ചാണ് കോടിയേരിയുടെ പോസ്റ്റില്‍ കമന്റുകള്‍ ബഹുഭൂരിപക്ഷവും വന്നത്. ‘പ്രകൃതിയോടു കാണിക്കുന്നതിന്റെ പകുതി സ്നേഹം മനുഷ്യനോട് കാണിക്കൂ സഖാവേ’ എന്നാണ് ഒരു കമന്റ്. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് ജയരാജനും സംഘത്തിനും മുളകൊണ്ടുള്ള വാളുകളും ജൈവബോംബുകളും നല്‍കി കൊലപാതകങ്ങള്‍ കൂടി പരിസ്ഥിതി സൗഹൃദമാക്കണമെന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായി ആകാശ് മൊഴി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ കമന്റുകളും എന്നത് ശ്രദ്ധേയമാണ്. ആയുധങ്ങള്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൊണ്ടുപോയി. ശുഹൈബിനെ അടിച്ചാല്‍ പോരേയെന്ന് താന്‍ ചോദിച്ചപ്പോള്‍ അത് പോര വെട്ടണമെന്ന് പാര്‍ട്ടി നിര്‍ബന്ധം പിടിച്ചുവെന്നും ആകാശ് മൊഴിനല്‍കിയിരുന്നു.