പാവം പിടിച്ചവന്റെ അടുത്തു പോവാന്‍ സമയമില്ല; മുതലാളിമാരുടെ മണിമാളികയില്‍ മരണവിവരമന്വേഷിച്ചു പോകാന്‍ ആവശ്യത്തിനു സമയമുണ്ട്; മുഖ്യമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ…

 

തിരുവനന്തപുരം: ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ വികാരപ്രകടനം നടത്താതെ സെക്രട്ടറിയേറ്റിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് വേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇങ്ങനെ മാനേജര്‍ ചമഞ്ഞ് ഓഫീസില്‍ ഇരിക്കാതെ ജനങ്ങളുടെ ഇടയിലിറങ്ങി കണ്ണീരൊപ്പുകയാണ് വേണ്ടതെന്ന് മറ്റു ചിലര്‍.

ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍, മുഖ്യമന്ത്രി നാലുദിവസം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ തന്നെ ഇരിക്കുകയും,നഗരത്തില്‍ ഉണ്ടായിരിക്കെ തീരദേശത്തേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നത് ശരിയാണോയെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ഓഫീസില്‍ ഇരുന്ന് എന്തു നിയന്ത്രിച്ചു എന്നും ചോദ്യമുണ്ട്.അഞ്ചാം ദിവസം അവിടെ ചെന്നപ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പിണറായി വിജയനെ വിശ്വാസത്തിലെടുക്കാതിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് സ്വാഭാവികം. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്ക് ഇരട്ടചങ്കനെന്നു വല്ല നോട്ടവുമുണ്ടാകുമോ ?

നാടു ഭരിക്കുന്ന നേതാവ് ഒരുവലിയ ദുരന്തമുണ്ടാകുമ്പോള്‍ തങ്ങളെ കൈപിടിച്ച് ആശ്വസിപ്പിക്കാന്‍ നേരത്തെ എത്താതിരുന്നത് എന്തുന്യായമെന്നാണ് അവര്‍ ഉറക്കെ ചോദിക്കുന്നത്. ഒരുജനതയുടെ മുഴുവന്‍ കണ്ണീരൊപ്പാന്‍ നാലു ദിവസം കാത്തിരുന്ന മുഖ്യമന്ത്രി ശതകോടീശ്വരനായ ഗോകുലം ഗോപാലന്റെ വീട്ടില്‍ മരണമുണ്ടായപ്പോള്‍ പോകാന്‍ തെല്ലും അമാന്തിച്ചില്ല. ഗോകുലം ഗോപാലന്റെ അച്ഛന്‍ ഗോകുലം ചാത്തുവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യ കമലയോടൊപ്പം നില്‍ക്കുന്ന പിണറായിയുടെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.സെക്രട്ടേറിയറ്റില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗോകുലം മെഡിക്കല്‍ കോളേജിലായിരുന്നു സന്ദര്‍ശനം. ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ, ഇത്തരം സമീപനം ഇരട്ടത്താപ്പാണെന്നുള്ള തരത്തില്‍ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങളെ ചെറുക്കാന്‍ ന്യായീകരണത്തൊഴിലാളികളും രംഗത്തെത്തി.

പണക്കാരായ മുതലാളിമാരുടെ ബന്ധുക്കളുടെ മരണ വീട്ടില്‍ പോയി ആശ്വസിപ്പിക്കും പോലെ ആണോ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ പോയി കാണുന്നത് .രണ്ടും രണ്ടല്ലേ ?’ചാത്തു വിന്റെ കാര്യത്തിലും ഓഫിസില്‍ ഇരുന്ന് കണ്‍ട്രോള്‍ ചെയ്യാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. അതാണ് പതിവും. പക്ഷേ പിന്നീട് അപ്രതീക്ഷിതമായി കണ്ടട്രോള്‍ പോയപ്പോള്‍ ഇറങ്ങിത്തിരിച്ചതാ. ബെര്‍തേ ങ്ങ് സംശയിക്കരുതേ..’ എന്നിങ്ങനെ കമന്റുകള്‍ വരുമ്പോള്‍ ഇത് തികച്ചും പിണറായി വിരോധവും സിപിഎം വിരോധവുമാണെന്നാണ് പിണറായി ഭക്തര്‍ പറയുന്നത്.എന്തായാലും ഉമ്മന്‍ചാണ്ടിയുടെയത്ര വികാരപ്രകടനം നടത്തിയില്ലെങ്കിലും നാണം കെടുവോളം കാക്കേണ്ടതുണ്ടായിരുന്നോ എന്നാണ് പിണറായിയോടുള്ള ചിലരുടെ ചോദ്യം.
ഭരിച്ചാല്‍ പോരാ..ഭരണം നടക്കുന്നുവെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭം കൂടിയാണ് ദുരന്തമുഖങ്ങള്‍. അവിടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജന നായകര്‍ എന്നും ട്രോളുകളുണ്ട്.

Related posts