മലയാളി ട്രോളന്മാരുടെ പതിവ് ഇരയാണ്, കേന്ദ്രമന്ത്രിയും എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ പലപ്പോഴും അദ്ദേഹം ട്രോളന്മാരെയും പരിഹസിച്ചിട്ടുണ്ട്. ഒരു പണിയും ഇല്ലാത്തവരാണ് ഫോണില്‍ കുത്തിയിരുന്നു, ട്രോളുകള്‍ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ തന്നെ ഒന്നു ട്രോളാമോ എന്ന അപേക്ഷയുമായി ട്രോളന്മാരുടെ പക്കലേക്ക് കണ്ണന്താനം എത്തിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രോളന്മാരെക്കൂടി ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പരമാവധി സാന്നിധ്യം ഉറപ്പിക്കാനാണ് കണ്ണന്താനത്തിന്റെ ശ്രമം. അതിനായി ഒരു ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് ട്രോളുകള്‍ ഉണ്ടാക്കി തന്റെ പേജില്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
നല്ല ട്രോളന്മാര്ക്ക് കണ്ണന്താനത്തോടൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടി ആയതുകൊണ്ട് ട്രോളുകളില്‍ തന്നെക്കൂടി കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. കിട്ടയ അവസരം പാഴാക്കാതെ ഉപയോഗിക്കാനാണ് ട്രോളന്മാരുടെയും തീരുമാനം.