സ്വന്തം ലേഖകൻ
കോഴിക്കോട്: ഒടുവിലെ യാത്രക്കായി പ്രിയ ജനമേ ഞാൻ പോകുന്നേ…. ഇപ്പോൾ ഫേസ് ബുക്കിലും സോഷ്യൽ മിഡിയകളിലും പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകളിൽ ഒന്നാണിത്. ദിലീപിന്റെ അവസാന ചിത്രമായ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിലെ പാട്ടാണിത്. ഇതോടൊപ്പം ദിലീപിന്റെ നല്ലനാളുകൾ അവസാനിച്ചു എന്ന രീതിയിലുള്ള ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.
ദിലീപ് ഫാൻസുകാർ പോലും നടനെ ന്യായീകരിക്കാൻ മടിക്കുന്പോൾ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തെ കളിയാക്കി കൊണ്ടാണ് പരിഹാസങ്ങൾ. ദിലീപ് അഭിനയിച്ച സിനിമകളുടെ പേരു വച്ചുകൊണ്ടുതന്നെയാണ് ട്രോളുകൾ ഇറക്കിയിരിക്കുന്നത്. വെൽക്കം ടു സെൻട്രൽ ജയിൽ, കിംഗ് ലയർ, ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ഞാനാരാ മോൻ തുടങ്ങിയ സിനിമാ പേരുകൾ സാഹചര്യത്തിനനുസരിച്ച ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ചിരിവിതറുകയാണ് ട്രോളർമാർ.
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ എന്നപേരിലാണ് ഈ സിനിമാ പേരുകൾ ഉപയോഗിക്കപ്പെടുന്നത്. തിയറ്ററിൽ പ്രദർശന വിജയം നേടാത്ത സെൻട്രൽ ജയിൽ എന്ന സിനിമ കണ്ടവരുടെ ശാപമാണിതെന്നാണ് ഒരു ട്രോൾ. ഒറ്റ പട്ടാള സിനിമയിൽ അഭിനയിച്ചതിന് മോഹൻലാലിന് കേണൽ പദവി കിട്ടി. സെൻട്രൽ ജയിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിലൂടെ ദിലിപിന് ജയിലും കിട്ടി.
ആദ്യമേ കുറ്റം സമ്മതിച്ചാൽ പേരായിരുന്നോ എന്ന ചോദ്യത്തിന് ഞാൻ ഒരു നടൻ അല്ലേ ചേട്ടാ, കുറച്ചെങ്കിലും അഭിനയിക്കണ്ടേ എന്ന മറുപടിയും ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു എന്ന പ്രശസ്തമായ ദിലീപ് കഥാപാത്രത്തിന്റെ ഡയലോഗുകളും വൈറലാകുകയാണ്.
അതേ സമയം പിണറായി സർക്കാരിന്റെ പോലീസിന് അഭിവാദ്യമർപ്പിച്ചും ട്രോളുകൾ സജീവമാണ്. ഇത് ‘ശരിക്കും പോലീസ് സ്റ്റേഷൻ ആയിരുന്നുവല്ലേ’ എന്നുചോദിക്കുന്ന ദയനീയ മുഖവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.