കായംകുളം: ആദ്യം ഞാൻ നേരിട്ട് ചെല്ലുന്നു ..അയാളുടെ ദേഹത്ത് അറിയാതെ മുട്ടിയിട്ടു സോറി എന്ന് പറയുന്നു …എന്നിട്ട് മുഖം ഒന്നുയർത്തി സേതുമാധവന്റെ മുത്തച്ഛനല്ലേ എന്നു ചോദിക്കുന്നു ….ആ ഒറ്റ ചോദ്യത്തിൽ അയാൾ വീഴുന്നു …ഇവൻ പോയാൽ വീഴുമോ …ഞാൻ പോയാൽ വീഴ്ത്തും …
ഇൻഹരിഹർ നഗർ സിനിമയിലെ വയോധികനെ തട്ടിവീഴ്ത്തുന്ന തമാശ യും ഡയലോഗും ചേർത്തു യുവാവിനൊപ്പം ബൈക്കിനു പിന്നില്‍ സഞ്ചരിച്ച വയോധികനെ മനപ്പൂർവം ആഡംബര ബൈക്ക് ഇടിപ്പിച്ചു ട്രോള്‍ വീഡിയോ ഉണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ട്രോളർമാരിൽ രണ്ടുപേർ അകത്തായി.
തൃക്കുന്നപ്പുഴ മഹാദേവികാട് സുജിതാ ഭവനത്തില്‍ സുജീഷ് (22), നന്ദനം വീട്ടില്‍ ആകാശ് സജികുമാര്‍ (20) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടത് . ഇവരുടെ ബൈക്കിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹനവകുപ്പും സ്വീകരിച്ചിട്ടുണ്ട്.
ഇവരുടെ രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗം, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഇടപെട്ടതു നിയമ വിദഗ്ധർ
മോട്ടോർ വാഹന വകുപ്പിന്റെ ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ആദ്യം ആറ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 25ന് തൃക്കുന്നപ്പുഴ തോട്ടുകടവ് പാലത്തിനു സമീപത്തായിരുന്നു ഇവർ അപകടം സൃഷ്ടിച്ചു ട്രോൾ വീഡിയോ ചിത്രീകരിച്ചത്.
വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ അമിത വേഗത്തില്‍ വന്ന ആഡംബര ബൈക്ക് ഇടി ക്കുകയും ഇടിയേറ്റ ബൈക്ക് മുന്നോട്ടു നീങ്ങുന്നതുമായിരുന്നു വീഡിയോയില്‍ ചിത്രീകരിച്ചത്.
വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും വ്യാപക പ്രതിഷേധത്തിനും പരാതികൾക്കും ഇടയാക്കുകയുമായിരുന്നു.വയോധികന്റെ കൈയ്ക്കു പരിക്കേറ്റിരുന്നു.
ഇൻഹരിഹർ നഗർ സിനിമയിലെ കോമഡി ഡയലോഗും പശ്ചാത്തല സംഗീതവും ചേർത്താണ് വീഡിയോ നിർമിച്ചത്. വീഡിയോ കണ്ട നിയമ വിദഗ്ധരാണ് ഇതു മനഃപൂര്‍വം ട്രോള്‍ ഉണ്ടാക്കാനായി സൃഷ്ടിച്ച അപകടമാണെന്നു പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചത്.
ആഡംബര പാച്ചിൽ ജനത്തിനു ഭീഷണി
കോട്ടയം: ആധുനിക ആഡംബര ബൈക്കുകളിൽ ചീറിപ്പാഞ്ഞ് ജനങ്ങളെ ഭീതിയിലാക്കുന്ന സംഭവങ്ങൾ ഏറിയിട്ടും പോലീസിനും മോട്ടോർവാഹന വകുപ്പിനും നിസംഗത.
പലപ്പോഴും നഗരങ്ങളിൽ പോലീസിനു മുന്നിലൂടെയാണ് ഇത്തരം യുവസംഘങ്ങളുടെ മത്സരയോട്ടങ്ങളും വീഡിയോ ചിത്രീകരണവുമൊക്കെ അരങ്ങേറുന്നത്.
ട്രോൾ ഉണ്ടാക്കാനും സെൽഫി പകർത്താനുമൊക്കെ തിരിക്കേറിയ റോഡിനു നടുവിൽ അഭ്യാസം കാണിക്കുന്ന യുവാക്കളുടെ അതിസാഹസികത ഏറിവരികയാണ്.
അഭ്യാസം നടത്തുന്നവർക്കു മാത്രമല്ല വഴിയിലൂടെ പോകുന്ന മറ്റുള്ളവർക്കും അപകട സാധ്യതയുണ്ടാക്കുകയാണ് ഇക്കൂട്ടർ.
കാതടപ്പിക്കുന്ന സ്വരവുമായി ബൈക്കുകൾ നഗരങ്ങളിൽ ചീറിപ്പായുന്പോൾ നിയമവും ഉദ്യോഗസ്ഥരുമൊക്കെ എവിടെയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒാരോ നഗരങ്ങളിലെയും ചില റോഡുകൾ തന്നെ ഇത്തരക്കാരുടെ വിഹാരരംഗമാണ്.
മത്സരയോട്ടങ്ങളും അഭ്യാസങ്ങളുടെമൊക്കെ പരിശീലിക്കുന്നതും നടുറോഡിൽ തന്നെ. കോട്ടയത്തു വികസന ഇടനാഴി ഈരയിൽ കടവ് റോഡിൽ മത്സരയോട്ടം ഭീതി പരത്തുന്നതായി നിരവധി തവണ കാൽനടക്കാരും മറ്റു യാത്രികരും പരാതി പറഞ്ഞിരുന്നു.
വലിയ പരാതിയുണ്ടാകുന്പോൾ പോലീസ് ഒന്നു കറങ്ങും. ദിവസങ്ങൾ കഴിയുന്നതോടെ എല്ലാം പഴയ പടിയാകും. നിയമലംഘകർക്കെതിരേ കർശന നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.