കൊല്ലം: സംസ്ഥാനത്ത് 2020 ലെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേയ്ക്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ജില്ലാ കളക്ടര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന് നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിത്.
മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു.
കൂടാതെ കോവിഡ്-19 വ്യാപനം തടയുന്നതിന് റിങ് സീന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ 30 ആയി നിജപ്പെടുത്തി.
സാമൂഹ്യ അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവൂ എന്നും ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള ജില്ലാതല യോഗം 30 നകം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ബോട്ടുകള്‍ വാടകയ്ക്കെടുക്കുന്നു
കൊല്ലം: ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായുള്ള കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങിനുമായി ജില്ലയില്‍ മൂന്ന് ബോട്ടുകള്‍ വാടകയ്ക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിനകം അപേക്ഷ നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0476-2680036 എന്ന നമ്പരില്‍ ലഭിക്കും.